
പാരീസ്: മെസ്സിയും നെയ്മറും എംബാപ്പെയും അടക്കമുള്ള പിഎസ്ജി താരങ്ങൾ ഖത്തറിലെത്തുന്നു. 2022 ജനുവരി 16 മുതൽ 20 വരെ നടക്കുന്ന പിഎസ്ജിയുടെ പരമ്പരാഗത വിന്റർ ടൂറിനായാണ് ഇതിഹാസ താരങ്ങൾ ഖത്തറിലെത്തുക. പ്രാദേശിക ആരാധകരുമായും ഖത്തറിലെ പങ്കാളികളുമായും ബന്ധപ്പെടാനുള്ള ടീമിന്റെ അവസരമായാണ് പിഎസ്ജിയുടെ വിന്റർ ടൂർ കണക്കാക്കുന്നത്. പാരീസ് സെന്റ് ജർമ്മന്റെ 2019 ന് ശേഷമുള്ള ആദ്യ ഖത്തർ പര്യടനം കൂടിയാണ് ഇത്. ജനുവരിയിലെ ഖത്തറിലെ കാലാവസ്ഥയും പര്യടനത്തിന് അനുഗുണമാണ്.
ഫ്രാൻസിൽ നടക്കുന്ന 21-ആമത് ലീഗിന് ശേഷം, ടീമിന്റെ ഫസ്റ്റ് ക്ലാസ് താരങ്ങൾ എല്ലാം തന്നെ ദോഹയിൽ പരിശീലനത്തിനുണ്ടാകും. ദോഹയിലെ ആസ്പർ സോണിലാണ് പരിശീലനം അരങ്ങേറുക. പര്യടനത്തിൽ 2022 ലോകകപ്പ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പിഎസ്ജി സംഘം ഫ്രാൻസിലേക്ക് മടങ്ങുന്നതിന് മുമ്പ് സൗദി ക്ലബ്ബുകളായ അൽ-ഹിലാൽ എസ്‌എഫ്‌സി, അൽ-നാസർ എഫ്‌സി എന്നീ ക്ലബുകളിലെ കളിക്കാർ അടങ്ങുന്ന സംയുക്ത സ്ക്വാഡിനെതിരെ സൗഹൃദ മത്സരവും കളിക്കും. റിയാദിലാണ് മത്സരം നടക്കുക.