ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി; തുടരുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവുമായി ഖത്തർ

.ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്‌ചിയുമായി ടെലിഫോൺ ചർച്ച നടത്തി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്.
ഖത്തറിനെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നടപടികളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്നത് മേഖലയുടെ സുരക്ഷ തകർക്കുന്നതിനും സ്ഥിരത ഇല്ലാതാക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന ഇടങ്ങളിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ജനങ്ങളുടെ വിഭവങ്ങളെയും ലക്ഷ്യം വെക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഏത് സാഹചര്യത്തിലായാലും ഇത്തരം നടപടികൾ അപലപനീയമാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷങ്ങൾ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ എല്ലാ കക്ഷികളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് സമഗ്രവും ശാശ്വതവുമായ നയതന്ത്ര പരിഹാരം മാത്രമാണ് ഏക പോംവഴിയെന്ന് ഖത്തർ പ്രധാനമന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. കൂടുതൽ പിരിമുറുക്കങ്ങളിലേക്ക് പോകാതെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.




