ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖത്തർ ലോകകപ്പിലെയും പ്രീ-ക്വാർട്ടറിലേയും ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് നേടി സ്വിറ്റ്‌സർലാന്റിനെ 6-1 ന് നാമാവശേഷമാക്കി പോർച്ചുഗൽ ക്വാർട്ടറിലെത്തി. ശനിയാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.
2008 ന് ശേഷം ഇതാദ്യമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തി ഇറങ്ങിയ പറങ്കി ടീം അക്ഷരാർത്ഥത്തിൽ ആറാടുന്നതാണ് ലുസൈലിൽ കണ്ടത്. റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് എന്ന 21-കാരൻ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് ഗോൾ നേട്ടം സ്വന്തമാക്കി മിന്നും താരമായി.
17, 51, 67 മിനിറ്റുകളിലായാണ് ഗോൺസാലോ റാമോസ് ഹാട്രിക് തികച്ചത്. ലോകകപ്പ് വേദിയിൽ ആദ്യ ഇലവനിൽ ആദ്യമായി ലഭിച്ച അവസരമാണ് റാമോസ് ചരിത്രമാക്കിയത്. 17–ാം മിനിറ്റിൽ പോർച്ചുഗൽ സ്‌കോർ കാർഡ് ഓപ്പൺ ചെയ്തതും റാമോസ് തന്നെ. 33–ാം മിനിറ്റിൽ പെപ്പെ, 55–ാം മിനിട്ടിൽ റാഫേൽ ഗുറെയ്റോ, ഇഞ്ചുറി ടൈമിൽ (90+2) പകരക്കാരൻ റാഫേൽ ലിയോ എന്നിവരും പോർച്ചുഗൽ ഗോൾ വേട്ടയിൽ ഭാഗമായി. സ്വിറ്റ്സർലൻഡിന്റെ ആശ്വാസഗോൾ 58–ാം മിനിറ്റിൽ മാനുവൽ അകാൻജിയാണ് നേടിയത്.
ആദ്യപകുതിയിൽ പോർച്ചുഗൽ നടത്തിയ മികച്ച മുന്നേറ്റം റാമോസിന്റെയും പെപ്പേയുടേയും ഗോളിൽ കലാശിച്ചു, പോർച്ചുഗൽ 2-0 ന് ലീഡ് പിടിച്ചു. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന പോർച്ചുഗലിനായി ഇത്തവണയും സ്‌കോർ ബോർഡ് ഓപ്പൺ ചെയ്തത് റാമോസ്. വെറും നാല് മിനിറ്റുകൾക്കുള്ളിൽ റാഫേൽ ഗുറെയ്റോ അടുത്ത ഗോളും നേടുന്നു.
4-0 ന് മുന്നിൽ നിന്ന പറങ്കികൾക്കെതിരെ 58 –ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെ ഒരു ഗോൾ മടക്കാൻ സ്വിറ്റ്‌സർലാന്റിനായി. എന്നാൽ 10 മിനിറ്റുകൾ പിന്നിടവേ ജാവോ ഫെലിക്സിന്റെ പാസിൽ വീണ്ടും ഗോൾ നേടി റാമോസ് ഹാട്രിക്ക് ഗോൾ തന്റെ പേരിലാക്കി. റാമോസിനെ പിൻവലിച്ചു പകരം ക്രിസ്റ്റ്യാനോ കളത്തിൽ. വല കുലുക്കാൻ ആയെങ്കിലും റൊണാൾഡോയുടെ ലക്ഷ്യം ഓഫ്‌സൈഡിൽ കുരുങ്ങി. അതേസമയം, പകരക്കാരൻ ആയെത്തിയ റാഫേൽ ലിയോ 90+2 മിനിറ്റിൽ ഗോൾ നേടി പോർച്ചുഗലിന്റെ ലീഡുയർത്തി.
ഈ നൂറ്റാണ്ടിൽ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആറോ അതിലധികമോ ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം ടീമാണ് പോർച്ചുഗൽ. ചരിത്രത്തിലെ മൂന്നാം ക്വാർട്ടർ പ്രവേശനത്തിലാണ് പോർച്ചുഗലിന്റെ അപൂർവ നേട്ടം. 2014ൽ ബ്രസീലിനെ 7–1ന് തോൽപ്പിച്ച ജർമനിയാണ് ആദ്യ ടീം.
കളിയിൽ ഒരു ഘട്ടത്തിലും പോർച്ചുഗലിന് വെല്ലുവിളി ഉയർത്താനാകാത്ത സ്വിസ് മുന്നേറ്റ നിരയും ദുർബലമായ പ്രതിരോധ നിരയും ടീമിന്റെ കനത്ത പരാജയത്തിന്റെ ശില്പികളായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB