ഖത്തറിൽ കോവിഡ് സംഖ്യ ഉയരുന്നത് പരിഗണിച്ച്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, എല്ലാ അവധികളും റദ്ദാക്കാനും രാജ്യത്തിന് പുറത്തുള്ളവർ ഉൾപ്പെടെ ഉടൻ ജോലിയിലേക്ക് മടങ്ങാനും പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി) ജീവനക്കാരോട് ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ്, മെഡിക്കൽ, നഴ്സിംഗ്, ലബോറട്ടറി, റേഡിയോളജി, ഫാർമസി, ക്ലിനിക്കൽ, സപ്പോർട്ട് വകുപ്പുകളിലെ ജീവനക്കാർ; കോവിഡ് ടാസ്‌ക്കുകളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന മറ്റു ജീവനക്കാർ എന്നിവരുടെ നിലവിലുള്ളതും ഭാവിയിലെതുമായ എല്ലാ അവധികളും റദ്ദാക്കാൻ പിഎച്സിസി തീരുമാനിച്ചത്.
“കൊറോണ വൈറസിന്റെയും ലോകമെമ്പാടുമുള്ള അതിന്റെ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ, ഖത്തറിന്റെ പൊതുജനാരോഗ്യ അപകടസാധ്യതകൾ ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നുവെന്നും ഞങ്ങൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും, സംഭവിക്കാവുന്ന ഏത് സാഹചര്യത്തോടും പ്രതികരിക്കുന്നതിനും” മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ ജീവനക്കാരുടെ അവധി റദ്ദാക്കുന്നതായി പിഎച്സിസി പ്രസ്‌താവനയിൽ വിശദമാക്കി.
സർക്കുലർ അനുസരിച്ച്, നിലവിൽ അവധിയിലായിരിക്കുന്ന മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിലെ എല്ലാ ജീവനക്കാരും (ഖത്തറിനകത്തോ പുറത്തോ ആകട്ടെ), ഉടൻ ജോലിയിൽ പ്രവേശിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാത്തരം അവധികളും താൽക്കാലികമായി നിർത്തിവയ്ക്കാനും PHCC തീരുമാനിച്ചു.