പുതിയ ട്രാവൽ നയം: വിസിറ്റ് വീസകളിൽ ഖത്തറിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ടത്

ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാ നയത്തിൽ, വിവിധ വിസിറ്റ് വീസകളിൽ വരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ഹെൽത്ത് മെഷർ രാജ്യക്കാർക്ക് (12 വയസ്സിന് മുകളിലുള്ളവർ) നേരത്തെ പോലെ കാലാവധിയുള്ള വാക്സിനേഷൻ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. എഹ്തെറാസ് പോർട്ടലിൽ പ്രീ-അപ്രൂവലും നിർബന്ധമാണ്.
എന്നാൽ ഇവർക്ക് ക്വാറന്റീൻ ഒരു ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. ഇവർ ഡിസ്കവർ ഖത്തറിൽ ഒരു ദിവസത്തെ ക്വാറന്റീൻ ബുക്ക് ചെയ്യണം.
കൂടാതെ, പുറപ്പെടലിന് 48 മണിക്കൂറിന് ഉള്ളിലുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടും കയ്യിൽ കരുതണം. നേരത്തെ 72 മണിക്കൂറായിരുന്നതിലാണ് മാറ്റം. ഇത് ഇഹ്തെറാസിൽ അപ്ലോഡ് ചെയ്യൽ നിർബന്ധമില്ലെങ്കിലും എയർപോർട്ടിൽ കാണിക്കാതെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല.
ഖത്തറിലെത്തി ക്വാറന്റീന് ഒന്നാം ദിവസം ആന്റിജൻ ടെസ്റ്റ് ചെയ്യണം.
ഓൺ-അറൈവൽ വിസയിൽ വരുന്നവർ, അടിസ്ഥാന രേഖകൾക്ക് പുറമെ, ഒരു മാസത്തെ ഹോട്ടൽ ബുക്കിംഗ് രേഖകളും റിട്ടേൺ ടിക്കറ്റും 5000 ഖത്തർ റിയാലോ തത്തുല്യ തുകയുള്ള ഇന്റർനാഷണൽ കാർഡോ കയ്യിൽ കരുതണം.
ഫാമിലി വിസിറ്റ് വിസയിൽ എത്തുന്നവർ വീസ പ്രിന്റൗട്ടും തിരികെയുള്ള ടിക്കറ്റും ഹെൽത്ത് ഇൻഷുറൻസ് രേഖകളും സൂക്ഷിക്കണം.
എല്ലാ വിസിറ്റേഴ്സും വാക്സിനേഷൻ സർട്ടിഫിക്കറ്റും അകനോളജ്മെന്റ് ഫോമും കയ്യിൽ കരുതണം.
വാക്സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാവിനോ കുടുബാംഗത്തിനോ ഒപ്പമെത്തുന്ന 12 വയസ്സിന് താഴയുള്ള വാക്സീൻ എടുക്കാത്ത കുട്ടികൾക്കും പ്രവേശനം സാധിക്കും. ഇവർ രക്ഷിതാക്കളുടെ അതേ നടപടിക്രമം ആണ് പാലിക്കേണ്ടത്.
12 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനെടുക്കാത്ത ആർക്കും വിസിറ്റ് വീസകളിൽ രാജ്യത്തേക്ക് വരാനാവില്ല.
അതേസമയം, സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർ രാജ്യങ്ങളിൽ നിന്ന് വരുന്ന സന്ദർശകർക്ക്, വാക്സീൻ എടുക്കാത്തവർ ഉൾപ്പെടെ എല്ലാവർക്കും പ്രവേശനം ഉണ്ട്. എല്ലാവരും 48 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കണം.
ഇവരിൽ, വാക്സിനെടുത്തവർക്ക് ക്വാറന്റീൻ ഇല്ല. എടുക്കാത്തവർ 5 ദിവസം ഹോട്ടൽ ക്വാറന്റീനോ ഖത്തറിലെ ഫസ്റ്റ് ഡിഗ്രി-ബന്ധുക്കളോടൊപ്പം (ബന്ധവും റെസിഡൻസിയും തെളിയിക്കുന്ന തെളിവ് സഹിതം) ഹോം ക്വാറന്റീനോ അനുവദിക്കും.
ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവ ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളും സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർ വിഭാഗത്തിലാണ്.