ഹയ്യ കാർഡ് ഉള്ളവർക്ക് ഫ്രീ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ഒമാനും ജോർദാനും
മസ്‌കറ്റ്: ഫിഫ ഖത്തർ ലോകകപ്പ് ഹയ്യ കാർഡ് ഉടമകൾക്ക് ഫ്രീ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുമെന്ന് ഒമാൻ സുൽത്താനേറ്റ് അറിയിച്ചു. ഫ്രീ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 60 ദിവസം വരെ സാധുതയുണ്ടാകുമെന്ന് ഒമാൻ വാർത്താ ഏജൻസി ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
2022 ലോകകപ്പ് ഖത്തറിൽ ഒമാന്റെ സഹകരണം സംബന്ധിച്ച് ടൂറിസം ആൻഡ് ഹെറിറ്റേജ് മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരു ഹയ്യ കാർഡ് ഉടമയ്ക്ക് ഒമാനിൽ താമസിക്കുന്ന തന്റെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളെ അനുഗമിക്കാനും രാജ്യത്ത് ആയിരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിലേക്ക് വിസ മാറ്റാനും അനുവാദമുണ്ടായിരിക്കും.
അതേസമയം, ഹയ്യ കാർഡുള്ള എല്ലാ രാജ്യക്കാർക്കും മുൻകൂർ അനുമതി ആവശ്യമില്ലാതെ ജോർദാനിൽ പ്രവേശിക്കുന്നതിന് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുമെന്ന് ജോർദാൻ അധികാരികളും പ്രഖ്യാപിച്ചു.
ഫിഫ ലോകകപ്പ് ഖത്തറിനിടെ ടീമുകളെയും ആരാധകരെയും മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണ് തീരുമാനമെന്ന് ജോർദാൻ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അൽ മജാലിയെ ഉദ്ധരിച്ച് BeIN സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു.
ഹയ്യ കാർഡ് കൈവശമുള്ളവരെ ജോർദാൻ രാജ്യ പരിധിയിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും അറബ്/വിദേശി വ്യതാസം ഇല്ലാതെ ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം കായികപ്രേമികളെ ജോർദാനിലേക്ക് ആകർഷിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
നേരത്തെ, സൗദിയും യുഎഇയും ഹയ്യ കാർഡ് ഉള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചിരുന്നു.