പരമ്പരാഗത പായ്ക്കപ്പലിൽ സമുദ്രസഞ്ചാരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ച് നോമസ് സെന്റർ
സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ ഭാഗമായ നോമസ് സെൻ്റർ, “നോമാസ് ദോ” എന്ന പേരിലുള്ള സമുദ്ര യാത്രയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. യുവാക്കളെ മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും ദേശീയ സ്വത്വബോധം ശക്തിപ്പെടുത്തുന്നതിനും ഖത്തറിൻ്റെ സമ്പന്നമായ പൈതൃകം പരിചയപ്പെടുത്തുന്നതിനുമാണ് ഈ യാത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നവംബർ 16 ശനിയാഴ്ച്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന കടൽ യാത്ര ‘സാൻബുക്ക്’ എന്ന പരമ്പരാഗത കപ്പലിലാകുമെന്നും ഏകദിന വിദ്യാഭ്യാസ ക്യാമ്പ് ഇതിൽ ഉൾപ്പെടുമെന്നും നോമാസ് സെൻ്റർ ഡയറക്ടർ ഗാനെം അബ്ദുൾറഹ്മാൻ അൽ കുവാരി പറഞ്ഞു. വിവിധ സാംസ്‌കാരിക, വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങൾ ഇതിനൊപ്പമുണ്ടാകും.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് യാത്രയെന്നും 8 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമാണ് യാത്രയിൽ പങ്കെടുക്കാൻ കഴിയുകയെന്നും അദ്ദേഹം വിശദീകരിച്ചു. സമുദ്ര പ്രവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഖത്തറിൻ്റെ സമുദ്ര പരിസ്ഥിതി, പരമ്പരാഗത നാവിഗേഷൻ, സുരക്ഷാ നടപടിക്രമങ്ങൾ, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ചുള്ള പരിശീലനവും ശിൽപശാലകളും പ്രവർത്തനങ്ങളും യാത്രയിൽ ഉൾപ്പെടും. മത്സ്യബന്ധനം, പരമ്പരാഗതമായ മത്സരങ്ങൾ എന്നിവയെക്കുറിച്ചുള്ള പാഠങ്ങളും ഇതിൽ ഉണ്ടായിരിക്കും.