ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആർട്ടിപിസിആർ വേണ്ട; ഇളവുകൾ പ്രാബല്യത്തിലായി
ദോഹ: ഖത്തർ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന വാക്സീനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക്, യാത്രയ്ക്ക് മുൻപുള്ള ആർട്ടിപിസിആർ ഒഴിവാക്കിയ ഇളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. ഈ യാത്രക്കാർ എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയും കയ്യിൽ സൂക്ഷിക്കുകയുമാണ് വേണ്ടത്. യുഎഇ, കുവൈത്ത് എന്നിവ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങൾക്കും ഇളവ് ബാധകമാണ്.
കൂടാതെ, ഇന്ത്യയിലെത്തിയ ശേഷം നിലവിലുണ്ടായിരുന്ന 7 ദിന ക്വാറന്റീനും എല്ലാ രാജ്യക്കാർക്കും കേന്ദ്രതലത്തിൽ നിർത്തലാക്കി.
അതേസമയം, എയർസുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷനും 14 ദിവസത്തെ യാത്രാ വിവരങ്ങളും നൽകുന്നത് തുടരണം. വാക്സിനേഷൻ പൂർത്തിയാക്കാത്തവർ 72 മണിക്കൂറിനുള്ളിലുള്ള ആർട്ടിപിസിആർ നെഗറ്റീവ് റിപ്പോർട്ടും അപ്ലോഡ് ചെയ്യണം.
എല്ലാ യാത്രക്കാരും ആരോഗ്യസേതു ഡൗണ്ലോഡ് ചെയ്തിരിക്കണം. വിമാനത്തിൽ കയറുന്നതിന് മുൻപ് തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് യാത്രാനുമതി ലഭിക്കില്ല.
വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം തെർമൽ സ്ക്രീനിംഗിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ മെഡിക്കൽ ഐസൊലേഷനിലേക്ക് മാറ്റുകയും ടെസ്റ്റ് ചെയ്യുകയും ചെയ്യും.
കൂടാതെ, ഓരോ ഫ്ളൈറ്റിൽ നിന്നുമുള്ള 2% പേരെയും റാൻഡം കൊവിഡ് പരിശോധനക്ക് വിധേയമാക്കും. സാമ്പിൾ നൽകിയ ശേഷം ഇവർക്കും വീട്ടിലേക്ക് പോകാം. ക്വാറന്റീൻ ഇല്ലെങ്കിലും, എല്ലാ യാത്രക്കാരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം എന്നാണ് നിർദ്ദേശം.