ഇന്ത്യയിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥിനിയായ ഗവേഷകയ്ക്ക് ഖത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്. കർണാടകയിലെ കർക്കലയിൽ നിന്നുള്ള ഹർഷിത ശൈലേഷ് ആണ് അപൂർവനേട്ടം കൈവരിച്ച ഇന്ത്യക്കാരി. ‘സ്തനാർബുദത്തിൽ, WNT/β-CATENIN പ്രോലിഫറേറ്റീവ് സിഗ്നലിംഗിലെ, പ്രോട്ടീൻ അർജിനൈൻ മെഥൈൽട്രാൻസ്ഫെറേസ് 5 (PRMT5) ന്റെ പങ്ക്’ എന്ന വിഷയത്തിൽ പ്രസിദ്ധീകരിച്ച തീസിസ് ആണ് പിഎച്ഡി ബിരുദത്തിന് ആധാരം. ഖത്തർ യൂണിവേഴ്‌സിറ്റി ജൈവ പരിസ്ഥിതി വിഭാഗത്തിലെ ഡോ.സൈദ് സിഫ് ആയിരുന്നു ഗൈഡ്.
മാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോടെക്നോളജിയിൽ സ്വർണ മെഡൽ ജേതാവായ ഹർഷിത മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഖത്തർ യൂണിവേഴ്‌സിറ്റിയിൽ പിഎച്ഡിക്ക് ചേരുന്നത്. സ്തനാർബുദ കോശങ്ങളുടെ വ്യാപനത്തിലും വളർച്ചയിലും പിആർഎംടി 5 എന്ന പ്രധാന എപിജനിറ്റിക് എൻസൈമിന്റെ പങ്ക് മനസ്സിലാക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് ഹർഷിതയുടെ പഠനം.
സ്തനാർബുദ കോശങ്ങളിൽ പിആർഎംടി 5 എക്സ്പ്രഷൻ ഉയർന്നതാണെന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. ഇത് ഡബ്ല്യുഎൻടി/β- കാറ്റെനിൻ പ്രോലിഫറേറ്റീവ് സിഗ്നലിംഗ് സജീവമാക്കുന്നു. PRMT5 ന്റെ തടസ്സം സ്തനാർബുദ കോശങ്ങളുടെ വളർച്ച കുറയ്ക്കുകയും മുന്‍നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കോശശിഥിലീകരണത്തിന് സഹായിക്കുകയും ചെയ്യുന്നുവെന്നും പഠനം വെളിപ്പെടുത്തി. പഠനത്തിലെ കണ്ടെത്തലുകൾ ഖത്തറിലും ലോകമെമ്പാടുമുള്ള സ്തനാർബുദ ബാധിതർക്ക് ഒരു നോവൽ തെറാപ്പി വികസിപ്പിക്കുന്നതിനുള്ള പ്രധാന അടിത്തറയായി വർത്തിക്കുകയും രോഗചികിത്സയിൽ പുതിയ പ്രതീക്ഷയാകുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.