റാസ് ലഫാൻ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം: നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതി ഒരു വർഷത്തിലധികം വൈകിയേക്കും

ദോഹ: റാസ് ലഫാൻ പ്ലാന്റിന് നേരെയുണ്ടായ ഇറാന്റെ ആക്രമണം കാരണം ഖത്തർ എനർജിയുടെ നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതി (North Field expansion project) ഒരു വർഷത്തിലധികം വൈകാൻ സാധ്യതയുണ്ടെന്ന് ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കഅബി അറിയിച്ചു. അൽ ജസീറയെ ഉദ്ധരിച്ച് റോയിട്ടേഴ്സിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റാസ് ലഫാൻ പ്ലാന്റിൽ നിന്ന് 10,000 തൊഴിലാളികളെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാൻ എടുത്ത മുൻകൂർ തീരുമാനം വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദ്രുതഗതിയിലുള്ള ഒഴിപ്പിക്കൽ നടപടി കാരണമാണ് ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യാതിരുന്നത്.
”ഓഫ്ഷോർ മേഖലയിൽ നിന്ന് 10,000 പേരെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒഴിപ്പിക്കുകയും എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയും ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല. എങ്കിലും എടുത്ത തീരുമാനത്തിന്റെ ഫലമായി ഒരാൾക്ക് പോലും പരിക്കേൽക്കാത്തതിൽ സന്തോഷമുണ്ട്,” അൽ കഅബി കൂട്ടിച്ചേർത്തു.




