ഒരാഴ്ച്ചക്കിടയിൽ 16 ലക്ഷത്തിലധികം യാത്രക്കാർ, തിരക്കേറിയ ദിനങ്ങളുമായി ദോഹ മെട്രോ

ഡിസംബർ 11 നും 18 നും ഇടയിൽ ഏകദേശം 1.67 ദശലക്ഷം ആളുകൾ ദോഹ മെട്രോ, ലുസൈൽ ട്രാം നെറ്റ്‌വർക്കുകൾ ഉപയോഗിച്ചതായി ഖത്തർ റെയിൽവേ കമ്പനി (ക്യുറെയിൽ) അറിയിച്ചു.
ഈ കാലയളവിൽ 1.6 ദശലക്ഷം യാത്രക്കാർ ദോഹ മെട്രോയിൽ യാത്ര ചെയ്‌തപ്പോൾ 70,000-ത്തിലധികം ആളുകൾ ലുസൈൽ ട്രാം ഉപയോഗിച്ചതായി ഖത്തർ റെയിലിന്റെ പ്രസ്‌താവനയിൽ പറയുന്നു. ഈ യാത്രക്കാരിൽ പലരും ദേശീയ ദിന പരിപാടികളിലേക്കും ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2024 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും രണ്ട് നെറ്റ്‌വർക്കുകളാൽ ബന്ധിപ്പിച്ചിട്ടുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും പോകുന്നവരായിരുന്നു.
മെട്രോയുടെ ഏറ്റവും തിരക്കേറിയ ദിവസം ബുധനാഴ്ച്ചയായിരുന്നു, നെറ്റ്‌വർക്കിൻ്റെ 37 സ്റ്റേഷനുകളിലൂടെ ഏകദേശം 363,517 പേരാണ് യാത്ര ചെയ്‌തത്. ലുസൈൽ ക്യുഎൻബി, സൂഖ് വാഖിഫ്, കത്താറ സ്‌റ്റേഷനുകളിലാണ് തിരക്ക് കൂടുതലുണ്ടായത്.
മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ്സ് തുടങ്ങിയ സപ്പോർട്ട് സേവനങ്ങൾ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലും ഇവൻ്റ് ലൊക്കേഷനുകളിലും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിച്ചതായും ഖത്തർ റെയിൽl പരാമർശിച്ചു. മെട്രോലിങ്ക് സർവീസ് 30 മെട്രോ സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 61 റൂട്ടുകളിൽ പ്രവർത്തിച്ചു, മെട്രോ എക്‌സ്പ്രസ് സർവീസ് 10 മെട്രോ സ്റ്റേഷനുകളെയും 12 ട്രാം സ്റ്റേഷനുകളെയും ബന്ധിപ്പിച്ചു.