രോഗികളുടെ സുരക്ഷയെക്കുറിച്ച് നേരിട്ടു റിപ്പോർട്ട് ചെയ്യാം, ആരോഗ്യസംരക്ഷണത്തിനായി പുതിയ സംവിധാനം ആരംഭിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം

രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദേശീയ തലത്തിൽ ഒരു സംവിധാനം ആരംഭിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഒരുങ്ങുന്നു. രോഗികളെ ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങൾ മനസിലാക്കാനും വിശകലനം ചെയ്യാനും പഠിക്കാനും ഈ സംവിധാനം സഹായിക്കും.
പാറ്റേണുകൾ, കാരണങ്ങൾ, മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ തിരിച്ചറിഞ്ഞ് ആരോഗ്യ സംരക്ഷണത്തിലെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് സിസ്റ്റത്തിൻ്റെ ലക്ഷ്യമെന്ന് MoPHലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി പ്രോഗ്രാമിന് നേതൃത്വം നൽകുന്ന ഡോ. ഷിമോസ് മുഹമ്മദ് വിശദീകരിച്ചു. പുതിയ റിപ്പോർട്ടിംഗ് സംവിധാനം സുരക്ഷാ ആശങ്കകൾ, അപകടങ്ങൾ, ഇത്തരം സംഭവങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും, ഇത് മെച്ചപ്പെട്ട ആശയവിനിമയത്തിലേക്കും പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്കും നയിക്കും.
“രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആരോഗ്യ സംരക്ഷണ സംഘടനകളെയും അനുവദിക്കുന്ന ഒരു സംവിധാനം പൊതുജനാരോഗ്യ മന്ത്രാലയം സൃഷ്ടിക്കുകയാണ്. മന്ത്രാലയത്തിന് സ്ഥിരമായ റിപ്പോർട്ടിംഗ് ഇതിൽ നിന്നും ഉറപ്പാക്കാൻ കഴിയും.” ഡോ. മുഹമ്മദ് പറഞ്ഞു.
ഈ സംവിധാനം ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് ലഭ്യമാവുക, പിന്നീട് പൊതുജനങ്ങൾക്കും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനാകും.
ആരോഗ്യപരിചരണം സങ്കീർണ്ണമായ കാര്യമാണെന്നും അപകടങ്ങൾ ഇനിയും സംഭവിക്കാമെങ്കിലും രോഗികളുടെ സുരക്ഷയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഡോ.മുഹമ്മദ് അഭിപ്രായപ്പെട്ടു. അടുത്തിടെ ആരംഭിച്ച മൂന്നാമത്തെ ദേശീയ ആരോഗ്യ തന്ത്രത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണവും രോഗിയുടെ അനുഭവങ്ങളും മെച്ചപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു.