ഖത്തർ എംപോക്‌സ് മുക്തം, സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം
ഖത്തർ എംപോക്‌സ് (മുമ്പ് മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്നു) കേസുകളിൽ നിന്ന് മുക്തമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു. കേസുകൾ നേരത്തേ കണ്ടുപിടിക്കാൻ ലക്ഷ്യമിട്ടുള്ള കൃത്യമായ നിരീക്ഷണം ഉൾപ്പെടെയുള്ള സമഗ്രവും ശക്തവുമായ പൊതുജനാരോഗ്യ നടപടികൾ നല്ല രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
ആരോഗ്യമേഖല നേരത്തെ തന്നെ മുൻകരുതൽ നടപടികൾ പിന്തുടരുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിലും, ലോകാരോഗ്യ സംഘടന എംപോക്‌സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെയും ഭാഗമായി അവ കൂടുതൽ ശക്തിപ്പെടുത്തിയതായി മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചു. പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിലെ പ്രൊഫഷണലുകൾ പൂർണ്ണ ജാഗ്രതയിലാണെന്നും സംശയമുള്ളതോ സ്ഥിരീകരിച്ചതോ ആയ കേസുകൾ കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും MoPH ആവർത്തിച്ചു.
എംപോക്‌സ് ബാധിക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന കേസുകൾ നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി MoPH പ്രവർത്തിക്കുന്നുവെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു. ആഫ്രിക്കൻ മേഖലയിലെ പ്രാദേശിക രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യുകയോ വൈറസ് ബാധിച്ച ഒരാളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്‌തിട്ടില്ലെങ്കിൽ എംപോക്‌സ് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മന്ത്രാലയം പറഞ്ഞു.
ആഗോള, പ്രാദേശിക എപ്പിഡെമിയോളജിക്കൽ സാഹചര്യം നിരീക്ഷിക്കുന്നതും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതും മന്ത്രാലയം തുടരുമെന്ന് പ്രസ്‌താവന വ്യക്തമാക്കി. കിഴക്കൻ, മധ്യ ആഫ്രിക്കയിലെ പ്രദേശങ്ങളിൽ എംപോക്‌സ് കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് കാരണം ലോകാരോഗ്യ സംഘടന എംപോക്‌സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടികളെന്നും അവർ കൂട്ടിച്ചേർത്തു.
1958 ലാണ് Mpox വൈറസ് ആദ്യമായി കണ്ടെത്തിയത്, 1970 ൽ ആഫ്രിക്കയിലാണ് മനുഷ്യനിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തത്. പ്രധാനമായും മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്‌ണമേഖല മഴക്കാടുകളിൽ സംഭവിക്കുന്ന ഒരു വൈറൽ രോഗമാണ് എംപോക്‌സ്, ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് എത്താറുണ്ട്. രോഗബാധിതനായ വ്യക്തിയുമായോ മൃഗവുമായോ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്ത സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത്.
ഇത് പനി, തിണർപ്പ്, ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മിക്ക കേസുകളും ഗുരുതരമായിരിക്കില്ല, പക്ഷേ കുട്ടികൾ, ഗർഭിണികൾ, ദുർബലമായ പ്രതിരോധശേഷിയുള്ള വ്യക്തികൾ എന്നിവരിൽ അവ കഠിനമാകാനുള്ള സാധ്യതയുണ്ട്.