Qatar
സോഷ്യൽ മീഡിയയിലൂടെ വംശീയ സ്പർദ്ധ, ഖത്തറിൽ ഏഴ് പേർ പിടിയിൽ
ദോഹ: വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും വംശീയവും ഗോത്രീയവുമായ സ്പർദ്ധ വളർത്തുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത 7 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആരോപണവിധേയമായ ഉള്ളടക്കം ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് കണ്ടെടുത്തതിന് ശേഷമാണ് പ്രോസിക്യൂഷൻ നടപടികൾക്കായി കൈമാറിയത്.
സമൂഹത്തിന്റെ സുരക്ഷ, സുസ്ഥിരത, സമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ വംശീയമായ അധിക്ഷേപങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികളിൽ പിന്നോട്ട് പോവില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിലെ ഏതൊരു വിഭാഗത്തെയും വൃണപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും ഖത്തർ സമൂഹത്തിന്റെ സുസ്ഥിരത എല്ലാവരുടെയും ഉത്തരവാദിത്തം ആണെന്നും മന്ത്രാലയം ഓർമപ്പെടുത്തി.