വസ്ത്രധാരണം ധാർമിക മൂല്യങ്ങൾക്ക് യോജിക്കണം; പ്രവാസി ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: പ്രവാസി ജീവനക്കാർ ഖത്തറിന്റെ നിയമങ്ങൾ പാലിക്കണമെന്നും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കണമെന്നും ആഭ്യന്തര മന്ത്രാലയം (എംഒഐ) ആഹ്വാനം ചെയ്തു. ഖത്തറിലെ ധാർമിക മൂല്യങ്ങൾക്ക് യോജ്യമായ വസ്ത്രങ്ങളാണ് ജീവനക്കാർ ധരിക്കേണ്ടതെന്നും എംഒഐ ഉദ്യോഗസ്ഥർ കമ്പനികളോട് നിർദേശിച്ചു.

“പ്രവാസി ഖത്തറിലേക്ക് വരുമ്പോൾ തന്റെ രാജ്യത്തിന്റെ പ്രതിനിധിയും അംബാസഡറുമാണ്. അതിനാൽ ഏറ്റവും ഉയർന്നതും ശ്രേഷ്ഠവുമായ ധാർമ്മികത അവർ പുലർത്തണം. തന്റെ രാജ്യത്തിന്റെ നല്ലതും ഉജ്ജ്വലവുമായ ചിത്രം അറിയിക്കണം,” ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനന്റ് കേണൽ അലി ഫലാഹ് അൽ മാരി പറഞ്ഞു.

പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അൽ റയ്യാൻ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് സംഘടിപ്പിച്ച “കുറ്റകൃത്യം തടയൽ ഒരു പങ്കിട്ട ഉത്തരവാദിത്തമാണ്” എന്ന വെബിനാറിലാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ വ്യക്തമാക്കിയത്.

ഒരു പ്രവാസി നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആതിഥേയ രാജ്യം അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം നൽകാൻ പ്രതിജ്ഞാബദ്ധമാണ് എന്നതിനാൽ ആതിഥേയ രാജ്യത്ത് നിലനിൽക്കുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും അറിഞ്ഞിരിക്കണം.

വെബിനാറിൽ, കുറ്റകൃത്യങ്ങൾ തടയുന്നതിൽ പോലീസിന്റെ പങ്കിനെക്കുറിച്ചും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ കമ്പനികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദമാക്കി.

മോഷണം, കവർച്ച, ചൂതാട്ടം, കുടിശ്ശിക അടയ്ക്കാത്തത്, മദ്യപാനം തുടങ്ങിയവയാണ്  അൽ റയ്യാൻ സുരക്ഷാ വകുപ്പിന് ലഭിക്കുന്ന ഏറ്റവും സാധാരണമായ പരാതികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്ആർ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഫിനാൻസ് മാനേജർമാർ, പിആർഒമാർ, സർക്കാർ റിലേഷൻസ് ഓഫീസർമാർ, സ്വകാര്യ കമ്പനികളുടെ ക്യാമ്പ് മേധാവികൾ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങി നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു

Exit mobile version