മനുഷ്യക്കടത്ത് തടയാൻ കർശന മാർഗനിർദ്ദേശങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം; പരാതികൾക്കായി ഹോട്ട്ലൈൻ നമ്പർ പുറത്തുവിട്ടു

ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് (Human Trafficking) തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ഇത്തരം കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള വിശദമായ വിവരങ്ങളാണ് മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മനുഷ്യ അന്തസ്സ് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചൂഷണങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും മന്ത്രാലയം വ്യക്തമാക്കി. മനുഷ്യക്കടത്തിന്റെ സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ 16044 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ നിർദ്ദേശിച്ചു.
ശ്രദ്ധിക്കേണ്ട പ്രധാന സൂചനകൾ:
മനുഷ്യക്കടത്തിന്റെ ഇരകളെ തിരിച്ചറിയാൻ സഹായിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ മന്ത്രാലയം എടുത്തുപറഞ്ഞു:
- രേഖകൾ പിടിച്ചുവെക്കൽ: പാസ്പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉടമയുടെ അനുവാദമില്ലാതെ കൈവശം വെക്കുകയോ നൽകാതിരിക്കുകയോ ചെയ്യുന്നത്.
- നിർബന്ധിത ജോലി: ഭീഷണിപ്പെടുത്തിയോ സമ്മർദ്ദം ചെലുത്തിയോ ജോലി ചെയ്യിപ്പിക്കുന്നത്.
- ആശയവിനിമയ വിലക്ക്: മറ്റുള്ളവരുമായി സംസാരിക്കാനോ ബന്ധപ്പെടാനോ അനുവദിക്കാത്ത സാഹചര്യം.
- ഭീഷണിപ്പെടുത്തൽ: നിരന്തരമായ ഭീഷണിയിലൂടെയോ പേടിപ്പിച്ചോ വരുതിയിലാക്കുന്നത്.
- മോശം ജീവിത സാഹചര്യം: മനുഷ്യത്വരഹിതമായ താമസസൗകര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും.
.കൂടാതെ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി ആളുകളെ റിക്രൂട്ട് ചെയ്യുന്നതും, തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്നതും കർശനമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സഹകരണം കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.




