കൊവിഡ് ബാധിച്ച വിദ്യാർത്ഥികൾക്കുള്ള പുനഃപരീക്ഷ തിയ്യതി വ്യക്തമാക്കി മന്ത്രാലയം
ദോഹ: കോവിഡ് ബാധിച്ച 1 മുതൽ 12 വരെയുള്ള ഗ്രേഡുകളിലേക്കുള്ള വിദ്യാർത്ഥികളുടെ 2021-22 അധ്യയന വർഷ ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ (ഡേ ആന്റ് അഡൾട്ട് എഡ്യൂക്കേഷൻ) വീണ്ടും നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം (MoEHE) തീരുമാനിച്ചു.
ഇന്ന് മുതൽ ഫെബ്രുവരി 10 വരെ പരീക്ഷകൾ നടത്താനാണ് നിർദ്ദേശം.
കൂടാതെ, ജനറൽ സെക്കണ്ടറി സർട്ടിഫിക്കറ്റ് (ഡേ ആന്റ് അഡൾട്ട് എഡ്യൂക്കേഷൻ) വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 13-ന് മന്ത്രാലയം പുനഃപരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. വെസ്റ്റ് ബേയിലെ മന്ത്രാലയ പരിസരത്തുള്ള സെക്കൻഡറി സർട്ടിഫിക്കറ്റ് കൺട്രോൾ ഹെഡ്ക്വാർട്ടേഴ്സിലാണ് പരീക്ഷകൾ നടക്കുക.
പൊതു-സ്വകാര്യ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ പരീക്ഷകൾ മന്ത്രാലയം വ്യക്തമാക്കിയത്.
കോവിഡ് അണുബാധയെത്തുടർന്ന് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിൽ നിന്ന് ചില വിദ്യാർത്ഥികളെ തടഞ്ഞ അസാധാരണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സർക്കുലർ വിശദമാക്കി.