ജനറൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗ്രേഡ് ഇമ്പ്രൂവ് ചെയ്യാം; ‘മആരെഫ്’ പോർട്ടൽ വഴി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2024-2025 അധ്യയന വർഷത്തിൽ ജനറൽ സെക്കൻഡറി സ്കൂൾ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ‘മആരെഫ്’ എന്ന ഓൺലൈൻ പോർട്ടലിലൂടെ ഗ്രേഡ് ഇംപ്രൂവ്മെന്റ് സർവീസിന് അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ‘അൽ-മആരെഫ്’ പോർട്ടൽ ഉപയോഗിച്ച് വിദ്യാർത്ഥികൾക്കോ അവരുടെ മാതാപിതാക്കൾക്കോ ഈ സേവനത്തിനായി അപേക്ഷിക്കാം. അപേക്ഷ 2025 ജൂലൈ 31 വരെ അപേക്ഷിക്കാൻ കഴിയും.
ഗ്രേഡുകൾ മെച്ചപ്പെടുത്തുന്നതിന് ചില വിഷയങ്ങളിൽ രണ്ടാം റൗണ്ട് പരീക്ഷ എഴുതാൻ ഈ സേവനത്തിലൂടെ വിദ്യാർത്ഥികൾക്ക് കഴിയും. ഈ സേവനത്തിനായി അപേക്ഷിച്ചതു കൊണ്ട് ആദ്യം നടന്ന പരീക്ഷയിൽ നിന്നുള്ള ഒറിജിനൽ പാസിംഗ് സർട്ടിഫിക്കറ്റ് റദ്ദാക്കില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പന്ത്രണ്ടാം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
വിദ്യാർത്ഥികൾക്ക് ഏതൊക്കെ വിഷയങ്ങളിലെ മാർക്ക് മെച്ചപ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാം. രണ്ടാം റൗണ്ട് പരീക്ഷകളിൽ രണ്ട് സെമസ്റ്ററുകളിൽ നിന്നുമുള്ള മുഴുവൻ സിലബസും ഉൾപ്പെടുത്തും.
ഗ്രേഡ് ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്, വിദ്യാർത്ഥികൾ അവർ തിരഞ്ഞെടുത്ത എല്ലാ വിഷയങ്ങളുടെയും രണ്ടാം റൗണ്ട് പരീക്ഷകളിൽ പങ്കെടുക്കണം. ഒരു വിദ്യാർത്ഥി ഏതെങ്കിലും പരീക്ഷ എഴുതാതെ പോയാൽ, പുതിയ സർട്ടിഫിക്കറ്റ് നൽകില്ല.
വിദ്യാർത്ഥി തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് രണ്ടാം റൗണ്ട് പരീക്ഷകളിൽ നിന്നുള്ള അവസാന ഗ്രേഡുകൾ നൽകും. മറ്റ് വിഷയങ്ങൾക്ക്, ഒന്നാം റൗണ്ട് ഗ്രേഡുകൾ അതേപടി തുടരും.
ഗ്രേഡുകൾ മെച്ചപ്പെടുത്തുന്നതിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് “ജനറൽ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് – രണ്ടാം റൗണ്ട് / ഗ്രേഡ് ഇംപ്രൂവ്മെന്റ്” എന്ന പേരിൽ ഒരു പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t