ഖത്തറിൽ 90 ശതമാനം വാഹനാപകടങ്ങൾക്കും കാരണം ഡ്രൈവിംഗിലെ മൊബൈൽ
ഖത്തറിൽ 80 മുതൽ 90 ശതമാനം വരെ ട്രാഫിക് അപകടങ്ങൾ സംഭവിക്കുന്നതിന് കാരണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് പ്രതിനിധി പറഞ്ഞു. വാഹനമോടിക്കുമ്പോൾ വാഹനത്തിലെ ടിവിയിൽ നിന്ന് ഏതെങ്കിലും ദൃശ്യങ്ങൾ കാണുന്നതിനും മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ചാലുമുള്ള പിഴ 500 ഖത്തർ റിയാൽ ആണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിലെ ഓഫീസർ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുള്ള അൽ കുവാരി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമവും ചട്ടങ്ങളും സംബന്ധിച്ച ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാല്നടക്കാർ നിശ്ചിത സ്ഥലത്തിലൂടെ മാത്രം റോഡ് മുറിച്ചുകടക്കണമെന്നു ആവശ്യപ്പെട്ട അദ്ദേഹം അല്ലാത്ത പക്ഷം അവർക്ക് 200 റിയാൽ വരെ പിഴ ഈടാക്കാവുന്നതാണെന്നും വ്യക്തമാക്കി. സ്കൂൾ-പാർപ്പിട മേഖലകളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും റോഡിലെ വേഗപരിധി പാലിക്കണമെന്നും അൽ കുവാരി ആവർത്തിച്ചു.