മിൻസയെ ഏറ്റുവാങ്ങി കേരളം; കണ്ണീരോടെ വിട ചൊല്ലി ഖത്തർ
ഖത്തറിൽ സ്‌കൂൾ ബസിൽ കുടുങ്ങി മരിച്ച നാലു വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി രാവിലെ എട്ടെ മുക്കാലോടെ ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് നടക്കും.
ഖത്തറിലെ പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അൽ വക്ര ആശുപത്രി മോർച്ചറിക്ക് മുന്നിൽ പൊതുദർശനത്തിന് വച്ച മിൻസയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നായി വൻ ജനാവലിയാണ് എത്തിയത്. പുലർച്ചെ ഒന്നരയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
ഒരു വർഷം മുൻപ് നാട്ടിലെത്തിയ മിൻസയുടെ നാലാം പിറന്നാളിലെ ഈ ഞെട്ടിക്കുന്ന വേർപ്പാട് സ്വദേശമായ കോട്ടയം ചിങ്ങവനത്തെയപ്പാടെ ദുഃഖത്തിലാഴ്ത്തി.
അതേസമയം, ഖത്തറിനെയാകെ നടുക്കിയ സംഭവത്തിൽ, മിൻസ പഠിച്ചിരുന്ന സ്വകാര്യ നഴ്‌സറി അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സംഭവത്തിൽ ബസ് ജീവനക്കാരുടെ അനാസ്ഥ തെളിഞ്ഞതോടെ ഒരു മലയാളി ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.