ആടുകളെ മേയ്ക്കുന്നതിന് നിയന്ത്രണം; പരിസ്ഥിതി സംരക്ഷണത്തിനായി മന്ത്രാലയത്തിന്റെ നിർദ്ദേശം

ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലഭിച്ച കനത്ത മഴയ്ക്ക് പിന്നാലെ, പ്രകൃതിദത്തമായ സസ്യജാലങ്ങളുടെ വളർച്ച ഉറപ്പാക്കുന്നതിനായി ആടുകളെ മേയ്ക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC). ഫാം ഉടമകളും കന്നുകാലി വളർത്തുന്നവരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
മഴ ലഭിച്ചതോടെ മരുഭൂമിയിലെ സസ്യങ്ങൾക്കും മരങ്ങൾക്കും പുനർജീവൻ ലഭിക്കുന്ന സമയമാണിതെന്ന് മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ഈ ഘട്ടത്തിൽ ആടുകളെ മേയ്ക്കുന്നത് നിയന്ത്രിക്കുന്നത് വഴി ചെടികളുടെ വളർച്ചാചക്രം സുഗമമാക്കാനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും സാധിക്കും. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 1 മുതൽ മാർച്ച് 15 വരെയുള്ള വാർഷിക നിരോധനം അവസാനിച്ചതിനെ തുടർന്ന് രാജ്യത്ത് ആടുകളെ മേയ്ക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഒട്ടകങ്ങളെ മേയ്ക്കുന്നതിനുള്ള നിരോധനം തുടരുകയാണ്. 2025-ലെ പതിനഞ്ചാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. മഴയ്ക്ക് ശേഷമുള്ള പ്രകൃതിയുടെ മാറ്റം ഉൾക്കൊണ്ട് കൂടുതൽ ജാഗ്രത പാലിക്കാനാണ് അധികൃതർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്




