ദോഹ: ഖത്തറിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ കുട്ടികളുടെ നിരവധി നിയമവിരുദ്ധ കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു. ഇസ്ലാമിക/സാംസ്കാരിക മൂല്യങ്ങൾക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ മുദ്രാവാക്യങ്ങൾ പതിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.
ഇത് സംബന്ധിച്ച ട്വീറ്റിനൊപ്പം പോപ്പ്-ഇറ്റ് ടോയ് ഫിഡ്ജറ്റിന്റെ ചിത്രവും മന്ത്രാലയം പങ്കുവെച്ചു. അതേസമയം, കളിപ്പാട്ടങ്ങളിൽ നിന്ന് കൃത്യമായി എന്താണ് കണ്ടെത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
نفذت وزارة #التجارة_والصناعة حملات تفتيشية على عدد من المحال التجارية في مناطق مختلفة بالدولة، وأسفرت الحملات عن ضبط وتحرير عدداً من المخالفات، تمثلت في لعب أطفال تحمل شعارات مخلّة بالقيم الإسلامية والعادات والتقاليد.#قطر pic.twitter.com/4JpwpMpR9v
— وزارة التجارة والصناعة (@MOCIQatar) December 20, 2021
ഉപഭോക്തൃ സംരക്ഷണനിയമം 2008-ലെ നമ്പർ (8), ആർട്ടിക്കിൾ (2)-ലെ വ്യവസ്ഥകൾ ലംഘിച്ചതിലാണ് കേസുകൾ രേഖപെടുത്തിയത്. ഇത് പ്രകാരം, മതപരമായ മൂല്യങ്ങളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാനുള്ള അവകാശം, ഉപഭോക്താവിന്റെ അവകാശമായാണ് പരിഗണിക്കുന്നത്. ചരക്കിന്റെ ഉപയോഗത്തിന്റെയും ഉപഭോഗത്തിന്റെയും ഫലമായുണ്ടാകുന്ന ഏതൊരു നാശത്തിനും വിതരണക്കാരൻ ഉത്തരവാദിയാകുമെന്ന, അതേ നിയമത്തിലെ ആർട്ടിക്കിൾ (16) ന്റെ ലംഘനവും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാമിക മൂല്യങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ ലംഘിക്കുന്ന മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും അടങ്ങിയ ചരക്കുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുതിയ സർക്കുലറും (2021, നമ്പർ 2) പുറപ്പെടുവിച്ചിരുന്നു.
ഇക്കാര്യത്തിൽ, ഉപഭോക്തൃ സംരക്ഷണനിയമത്തിലും ചട്ടങ്ങളിലും അനുശാസിക്കുന്ന ബാധ്യതകൾ നിറവേറ്റുന്നതിൽ ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്നും, പരിശോധനാ ക്യാമ്പയിനുകൾ തീവ്രമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും ലംഘിക്കുന്ന ഏതൊരു കക്ഷിയെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യും.