“സവായത്ത്” ന് നിരോധനം; വേട്ടയാടലിന് നിയന്ത്രണം
ദോഹ: ചില പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടാനുള്ള കാലയളവ് ക്രമീകരിച്ചുകൊണ്ട് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
പ്രസ്തുത തീരുമാനം, ദേശാടന പക്ഷികളെ (ടർട്ടിൽ ഡോവ്) വേട്ടയാടുന്നതിനുള്ള സീസൺ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 15 വരെ മാത്രമായിരിക്കുമെന്നും, അതേസമയം പരുന്തുകളെ വേട്ടയാടുന്നത് ഫാൽക്കണുകളെ ഉപയോഗിച്ച് കൊണ്ട് മാത്രമായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
പാരമ്പര്യേതര വേട്ടയാടൽ ഉപകരണങ്ങളുടെയും മാർഗങ്ങളുടെയും ഉപയോഗം അല്ലെങ്കിൽ കൈമാറ്റം, പ്രത്യേകിച്ച് ഇലക്ട്രോണിക് പക്ഷി കോളറായ “സവായത്ത്” ന് നിരോധനമേർപ്പെടുത്തി.
അതേസമയം, മുയൽ വേട്ട സീസൺ 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 15 വരെ മാത്രമായിരിക്കും. അതും ഫാൽക്കണുകളേയും വേട്ട നായ്ക്കളേയും ഉപയോഗിച്ച് മാത്രമേ പാടുള്ളൂ.
സസ്തനികൾ, ഉരഗങ്ങൾ, നിരോധിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും പക്ഷികൾ, വന്യമൃഗങ്ങൾ എന്നിവയെ വേട്ടയാടുന്നതും വിൽക്കുന്നതും വർഷം മുഴുവനും നിരോധിച്ചതായും തീരുമാനം വ്യവസ്ഥ ചെയ്യുന്നു.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും ദ്വീപുകളിലും, നഗരങ്ങൾ, ഗ്രാമങ്ങൾ, പൊതു പാർക്കുകൾ എന്നിവയുടെ അതിരുകൾക്കുള്ളിലും, അതുപോലെ സ്വകാര്യ സ്വത്തുകളിലും ഫാമുകളിലും (ഉടമകളുടെയും അനുമതിയില്ലാതെ) എല്ലാ തരത്തിലുമുള്ള വേട്ടയാടലും നിരോധിച്ചിരിക്കുന്നു.