
ദോഹ: നിലവിലെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കണമെന്നും പരിഭ്രാന്തരാകാതെ കാര്യങ്ങളെ സമീപിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ചില സാഹചര്യങ്ങളിൽ വാർത്തകൾ പിന്തുടരുന്നത് വ്യക്തികളിൽ ആശങ്കയും ഉത്കണ്ഠയും വർദ്ധിപ്പിച്ചേക്കാം. അതിനാൽ, അമിതമായി വാർത്തകൾ നിരീക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുള്ള മുർസൽ അൽ ഷമ്മരി നിർദ്ദേശിച്ചു. ദൈനംദിന പ്രവൃത്തികളിൽ കൃത്യമായി ഏർപ്പെടുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കുടുംബങ്ങളുടെ പങ്ക് നിർണ്ണായകം
മാനസിക സ്ഥിരത നിലനിർത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വീട്ടിൽ സംവാദങ്ങൾക്കും ആശ്വാസവാക്കുകൾക്കും മുൻഗണന നൽകുന്ന ശാന്തമായ അന്തരീക്ഷം ഒരുക്കണം. അനാവശ്യമായ പരിഭ്രാന്തിയും അതിശയോക്തി കലർന്ന സംസാരങ്ങളും ഒഴിവാക്കണം.
കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക കരുതൽ
കുട്ടികൾ കേൾക്കുന്നതോ കാണുന്നതോ ആയ കാര്യങ്ങൾ അവരെ വേഗത്തിൽ ബാധിച്ചേക്കാം എന്നതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണം. കുട്ടികളുടെ മുന്നിൽ വെച്ച് പരിഭ്രമം പ്രകടിപ്പിക്കരുത്. കാര്യങ്ങൾ ലളിതമായും ആശ്വാസകരമായ ഭാഷയിലും അവർക്ക് വിശദീകരിച്ചു നൽകണം. കുട്ടികളിലും പ്രായമായവരിലും പ്രകടമാകുന്ന പെരുമാറ്റ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഏതൊരു പ്രശ്നത്തെയും കരുതലോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.




