ഖത്തറിൽ ഫെബ്രുവരി 12 ശനിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് പ്രകാരം, നിശ്ചിത കേന്ദ്രങ്ങൾ ഒഴികെ തുറസ്സായ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധം ഒഴിവാക്കി.
എന്നാൽ മാർക്കറ്റുകളിലെ സംഘടിത പരിപാടികൾ, ചടങ്ങുകൾ, എക്സിബിഷൻ, ആശുപത്രി, സ്‌കൂൾ, യൂണിവേഴ്‌സിറ്റി, പള്ളി പരിസരങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും മാസ്‌ക് നിർബന്ധമായി തന്നെ തുടരും. തുറന്ന മേഖലയിൽ തന്നെ തൊഴിൽ സംബദ്ധമായി ഇടപഴകേണ്ടി വരുന്നവർക്കും മാസ്‌ക് നിർബന്ധമാണ്. എല്ലാ അടഞ്ഞ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായത് തുടരും.
തുറന്ന വിവാഹ ഹാളുകളിൽ 300 പേർക്ക് വരെ പങ്കെടുക്കാം. വാക്സിനെടുക്കാത്തവർ 50 പേർ മാത്രം. പാർക്കുകളിലും കോർണിഷിലും 30 പേർക്ക് വരെ കൂട്ടം ചേരാം.
ഇവ കൂടാതെ, വിവിധ കേന്ദ്രങ്ങളിലെ പ്രവേശന ശേഷിയിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. മറ്റുള്ളവയിൽ നേരത്തെ മുതലുള്ള ഇളവുകൾ തന്നെയാണ് നിലനിൽക്കുക.