കടലിൽപ്പെട്ടുപോയ വിദേശികൾക്ക് രക്ഷയായത് ‘ജാങ്കോ’യിൽ എത്തിയ മലയാളിസുഹൃത്തുക്കൾ

ദോഹ: ഖത്തറിലെ വഖ്റയിൽ നിന്നും 14 കിലോമീറ്റർ അകലെ ബോട്ട് തകർന്ന് കടലിൽ പെട്ടുപോയ വിദേശികൾക്ക് രക്ഷയായെത്തിയത് 4 മലയാളികൾ. ചെങ്ങന്നൂർ സ്വദേശി സിജോ, സഹോദരന് ജോണ്സി, പത്തനം തിട്ട സ്വദേശി ടൈറ്റസ് ജോണ്, കോഴിക്കോട് സ്വദേശി ഫാസിൽ എന്നിവരാണ് ആ ധീരസുഹൃത്തുക്കൾ. ബോട്ട് അപകടത്തിൽ പെട്ട് കടലിൽ കുടുങ്ങിയ രണ്ട് ഈജിപ്തുകാർക്കും ഒരു ജോർദാൻകാരനുമാണ് ഇവർ രക്ഷയായത്.
സുഹൃത്തുക്കൾ ചേർന്ന് വാങ്ങിയ ‘ജാങ്കോ’ എന്നു പേരിട്ട ഉല്ലാസബോട്ടിൽ മീൻപിടിത്തവും ഉല്ലാസവുമായി വാരാന്ത്യങ്ങളിലെ സംഘത്തിന്റെ പതിവ് കടൽ യാത്രക്കിടയിലാണ് സംഭവം. വഖ്റയിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയെത്തിയപ്പോൾ എന്തോ ഒന്ന് ഓറഞ്ച് നിറത്തിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. നിരീക്ഷിച്ചപ്പോൾ ലൈഫ് ജാക്കറ്റ് ധരിച്ച മൂന്ന് പേർ തങ്ങളുടെ തകർന്ന ബോട്ടിന്റെ പെട്രോൾ ടാങ്കിലും മറ്റും പിടിച്ചു കിടക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഉടൻ തന്നെ തങ്ങളുടെ ബോട്ടിൽ നിന്ന് കയർ എറിഞ്ഞുകൊടുത്ത് ഓരോരുത്തരേയും ബോട്ടിൽ കയറ്റി. എമർജൻസി നമ്പറായ 999ലേക്ക് വിളിച്ചതിനെത്തുടർന്നു 20 മിനിറ്റിനോടകം കോസ്റ്റ് ഗാർഡ് എത്തി തുടർനടപടികൾ കൈക്കൊണ്ടു. ഖത്തറിലെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരൻ ആണ് സിജു. രണ്ടാഴ്ച്ച മുൻപും സമാനമായി കടലിൽ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.