ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ വനിതാ ഡ്രൈവർമാരുടെ ഫോർമുല വൺ അക്കാദമി റേസിംഗ് നടക്കും
ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2024നായി ലോകത്തിലെ മികച്ച ഫോർമുല 1 ഡ്രൈവർമാർ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ടിലേക്ക് (എൽഐസി) എത്താൻ പോവുകയാണ്. അവർക്കൊപ്പം ഫോർമുല 1 അക്കാദമി എന്ന പേരിൽ ഒരു പുതിയ റേസിംഗ് സീരീസിൽ 16 മുതൽ 25 വരെ പ്രായമുള്ള വനിതാ ഡ്രൈവർമാർ പങ്കെടുക്കും. റേസിംഗിൽ സ്ത്രീകളെ പിന്തുണയ്ക്കാനും കായികരംഗത്ത് ഉയർന്ന തലങ്ങളിലെത്താൻ അവരെ സഹായിക്കാനും ഈ പരമ്പര ലക്ഷ്യമിടുന്നു.
ഫോർമുല 1 അക്കാദമി ആറ് റൗണ്ട് പരമ്പരയുടെ ഭാഗമാണ്, നവംബർ 29 വെള്ളിയാഴ്ച മുതൽ ഡിസംബർ 1 ഞായർ വരെ ഇത് ഖത്തറിൽ നടക്കും. ഖത്തറിന് മുമ്പ് സൗദി അറേബ്യ, മിയാമി, സ്പെയിൻ, നെതർലാൻഡ്‌സ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ഡ്രൈവർമാർ മത്സരിച്ചത്. ഡിസംബറിൽ യുഎഇയിലെ യാസ് ദ്വീപിൽ പരമ്പര അവസാനിക്കും.
ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്‌സ്, ഫിലിപ്പീൻസ്, സ്വിറ്റ്‌സർലൻഡ്, സ്‌പെയിൻ, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ച് യുവതികൾ 165 ഹോഴ്‌സ്‌പവറുള്ള ഫോർമുല 4 കാറുകളിൽ മത്സരിക്കുന്നു. റോഡിൻ മോട്ടോർസ്‌പോർട്ട്, പ്രേമ റേസിംഗ്, എംപി മോട്ടോർസ്‌പോർട്ട്, കാമ്പോസ് റേസിംഗ്, ആർട്ട് ഗ്രാൻഡ് പ്രിക്‌സ് എന്നീ ടീമുകൾക്കായാണ് മത്സരിക്കുന്നത്.
നിലവിൽ, 190 പോയിൻ്റുമായി യുകെയുടെ അബി പുല്ലിംഗ് ഒന്നാം സ്ഥാനത്തും 119 പോയിൻ്റുമായി ഫ്രാൻസിൻ്റെ ഡോറെയ്ൻ പിൻ രണ്ടാമതും 89 പോയിൻ്റുമായി യു.എസ്.എയുടെ ക്ലോ ചേമ്പേഴ്‌സ് തൊട്ടുപിന്നിലും നിൽക്കുന്നു. 225 പോയിൻ്റുമായി റോഡിൻ മോട്ടോർസ്‌പോർട്ട് ടീമുകളിൽ ഒന്നാം സ്ഥാനത്തും പ്രേമ റേസിംഗും കാമ്പോസ് റേസിംഗും തൊട്ടുപിന്നിലുമാണ്.