ദോഹ: അൽവക്ര ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ ബുധനാഴ്ച്ച അവസാനത്തെ പ്രവൃത്തിദിനം. മറ്റൊരു പ്രധാന ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രമായ ലുസൈൽ ജൂണ് 23 ന് സേവനം അവസാനിപ്പിച്ചിരുന്നു. ഇരുകേന്ദ്രങ്ങളിലുമായി ഇതുവരെ 3,30000 ൽ കൂടുതൽ പേർ വാക്സീൻ സ്വീകരിച്ചിരുന്നു. ക്യു.എൻ.സി.സി വാക്സിനേഷൻ കേന്ദ്രം ഇന്നലെയാണ് പൂട്ടിയത്. അധ്യാപകർക്കും സ്‌കൂൾ സ്റ്റാഫുകൾക്കുമായി ഫെബ്രുവരിയിൽ തുറന്ന പ്രസ്തുത കേന്ദ്രത്തിൽ നിന്ന് പല മേഖലകളിൽ നിന്നായി ഇതുവരെ വാക്സീൻ എടുത്തവരുടെ എണ്ണം 6 ലക്ഷം വരും.
അടിയന്തര വാക്സിനേഷൻ പ്രക്രിയക്കായി തുടങ്ങിയ 3 കേന്ദ്രങ്ങളും ആവശ്യം പൂർത്തിയാക്കിയതും ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളി വിഭാഗങ്ങൾക്കായി വലിയ വാക്സിനേഷൻ കേന്ദ്രം തുറന്നതുമാണ് ഇവ പൂട്ടാൻ ആരോഗ്യവകുപ്പിനെ പ്രാപ്തമാക്കിയത്. ഖത്തറിൽ വേനൽ കനത്തതും ഡ്രൈവ് ത്രൂ കേന്ദ്രങ്ങൾ തുടർന്ന് കൊണ്ടുപോകുന്നതിൽ ജീവനക്കാർക്ക് വെല്ലുവിളിയായിരുന്നു.
അതേ സമയം 27 പിഎച്ച്സിസി കേന്ദ്രങ്ങളിലൂടെയും ബിസിനസ്-വ്യവസായ മേഖലകളിലുള്ളവർക്കായി പുതുതായി തുറന്ന ബൃഹത് വാക്സിനേഷൻ കേന്ദ്രത്തിലൂടെയും ഖത്തറിൽ അവശേഷിക്കുന്ന വാക്സിനേഷൻ പ്രക്രിയ തുടരും. ബിസിനസ് സ്ഥാപനങ്ങൾക്ക് ജീവനക്കാരെ വാക്സിനേറ്റ് ചെയ്യിക്കാൻ qvc@hamad.qa എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. വ്യക്തികൾക്ക് നർ’ആക്കൂം ആപ്പ് വഴി പിഎച്ച്സിസി കേന്ദ്രങ്ങളിൽ അപ്പോയിന്മെന്റ് ബുക്ക് ചെയ്യാം.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് വിതരണം ചെയ്തത് 36,018 ഡോസ് വാക്സീനാണ്. ഇത് വരെ വിതരണം ചെയ്ത ആകെ ഡോസ് 3145062 ആണ്. 16 വയസ്സിന് മുകളിലുള്ള ജനസംഖ്യയിൽ 62.8% ജനങ്ങൾ രണ്ട് ഡോസും 73.8% ഒരു ഡോസും സ്വീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരിൽ ഇത് യഥാക്രമം 83.1 ഉം 92 ഉം ശതമാനമാണ്.