ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അവാർഡ് സ്വന്തമാക്കി ലുലു മാൾ അൽ ഖോർ
2024ലെ എംഇസിഎസ്+ആർ അവാർഡിൽ ലുലു മാൾ അൽ ഖോർ ശാഖക്ക് എനർജി ഒപ്റ്റിമൈസേഷനിലെ സുസ്ഥിരതയ്ക്കുള്ള സിൽവർ അവാർഡ് ലഭിച്ചു. മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെൻ്റേഴ്‌സ് ആൻഡ് റീട്ടെയിലേഴ്‌സിലെ ഡോ. യൂനിസ് അൽ മുല്ലയും ഡേവിഡ് മക്കാഡവും ചേർന്ന് സമ്മാനിച്ച ഈ അവാർഡ് ഊർജ്ജ സംരക്ഷണത്തിനും സുസ്ഥിരതക്കുമുള്ള ലുലു മാളിൻ്റെ ശ്രമങ്ങൾ വ്യക്തമാക്കുന്നു.
അൽ ഖോറിലെ ആദ്യത്തെ പ്രീമിയം മാളായ ലുലു മാൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റ്, സിനിമാശാലകൾ, കളിസ്ഥലങ്ങൾ, ഒരു ഫുഡ് കോർട്ട്, 100-ലധികം ആഗോള ബ്രാൻഡുകൾ എന്നിവ ഈ മാളിലുണ്ട്. സ്വദേശികൾക്കും പ്രവാസികൾക്കും സേവനം നൽകുന്ന മാൾ അറബിക് വാസ്‌തുവിദ്യയും ആധുനിക സൗകര്യങ്ങളും വിശാലമായ പാർക്കിംഗും സംയോജിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന്, ലുലു മാൾ ഹണിവെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഊർജ്ജ ഉപയോഗം നിരീക്ഷിക്കാനും ക്രമീകരിക്കാനും ഫോർജ് എനർജി ഒപ്റ്റിമൈസേഷൻ സിസ്റ്റം ആണ് ഹണിവെൽ ഉപയോഗിക്കുന്നത്. ഈ ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോം, കാലാവസ്ഥയും ഒക്യുപ്പൻസി ലെവലും പോലുള്ള റിയൽ ടൈം ഡാറ്റ ഉപയോഗിച്ചാണ് HVAC ക്രമീകരണം കാര്യക്ഷമമായി നിയന്ത്രിക്കുന്നത്.
ഈ ശ്രമങ്ങൾ വലിയ ലാഭമാണ് മാളിന് നേടിക്കൊടുത്തത്. കഴിഞ്ഞ 18 മാസങ്ങളിൽ, മാൾ HVAC ഊർജ്ജ ഉപയോഗം 15% കുറച്ചു. 2023 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെയുള്ള ഊർജ്ജ ചെലവിൽ 110,000 ഡോളറാണ് മാൾ ഇങ്ങിനെ ലാഭിച്ചത്.