ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാനുള്ള വില്ലകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും നടത്തിപ്പവകാശം യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ അക്കോറിന് നൽകിയതായി ലോകകപ്പ് സംഘാടകസമിതി അറിയിച്ചു. ലോകകപ്പ് അക്കോമെഡഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും 2022 അവസാനം വരെ നിർവഹിക്കാനുള്ള കരാർ ആണ് അക്കൊറുമായി ധാരണയായത്.
ഖത്തറിലെ അപ്പാർട്ട്‌മെന്റുകളിലും വില്ലകളിലുമായി നിലകൊള്ളുന്ന 60,000 ത്തിലധികം റൂമുകൾ മാനേജ് ചെയ്യാനുള്ള മുഴുവൻ സ്റ്റാഫുകളും അക്കോർ ആണ് നൽകുക. അടുത്ത വർഷം നവംബറിൽ കിക്കോഫിന് കാത്തിരിക്കുന്ന ലോകകപ്പിൽ ആകെ 28 ദിനങ്ങളിലായി 12 ലക്ഷം കാണികൾ ഖത്തറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പുതുതായി നിര്മിക്കാതെ ഖത്തറിൽ നിലവിലുള്ള വീടുകളും വില്ലകളുമെല്ലാം ആരാധകരുടെ താമസത്തിന് ഉപയോഗപ്പെടുത്തുക എന്ന തീരുമാനത്തിന് പിന്നിൽ ലോകകപ്പിന് ശേഷം അവ ബാധ്യതയാകാതിരിക്കുക എന്ന ഉദ്ദേശ്യമാണെന്നു സംഘാടക സമിതി തലവൻ ഹസ്സൻ അൽ തവാദി പറഞ്ഞു.