തൊഴിൽ മന്ത്രാലയത്തിന്റെ 43-ഓളം സേവനങ്ങൾ ഇനി ഓൺലൈനിൽ
ദോഹ: വേഗതയേറിയതും നിരവധി പുതിയ ഫീച്ചറുകളും എളുപ്പമുള്ള നാവിഗേഷനും അടങ്ങുന്ന പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം.
നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൊഴിൽ മന്ത്രി ഡോ അലി ബിൻ സമീഖ് അൽ മർരി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റിൽ 43 സേവനങ്ങളും വിവിധ സേവനങ്ങൾക്കായുള്ള ഫോമുകളും അടങ്ങിയിരിക്കുന്നു.
തൊഴിൽ അനുമതി പരിഷ്‌ക്കരണ അഭ്യർത്ഥനകൾക്കായുള്ള അന്വേഷണം, പുതിയ തൊഴിലാളികൾക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴിൽ ഭേദഗതിക്ക് അപേക്ഷിക്കൽ, വർക്ക് പെർമിറ്റ് സേവനങ്ങൾ തുടങ്ങിയവ കമ്പനികൾക്കും വ്യക്തികൾക്കും വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാനാവും.
ഖത്തറിലെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ടതും തൊഴിൽ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്നതുമായ എല്ലാ നിയമനിർമ്മാണങ്ങളും നിയമങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
തൊഴിൽ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ഖത്തറിലെ തൊഴിലാളികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൗരന്മാർക്കായാലും പ്രവാസികൾക്കായാലും സൈറ്റ് വഴി നൽകുകയും ചെയ്യും.