കുവൈത്തിലെ തീപിടുത്തം: മരണസംഖ്യ 49 ആയി; 41 പേർ ഇന്ത്യക്കാർ; 11 മലയാളികളെ തിരിച്ചറിഞ്ഞു
കുവൈത്തിലെ താമസ കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മരിച്ചവരിൽ 11 പേർ മലയാളികൾ ആണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഇതിൽ തന്നെ മലയാളികളും തമിഴ്നാട് സ്വദേശികളുമാണ് ഭൂരിഭാഗം. മരിച്ച 21 പേരുടെ പേര് വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടുണ്ട്.
ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +965-65505246.
അപകടത്തെത്തുടർന്ന് കുവൈത്ത് സർക്കാർ അടിയന്തര നടപടികൾ കൈക്കൊണ്ടു. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാന മന്ത്രി ഷെയ്ക്‌ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി. നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5