ഖത്തർ മതകാര്യ വകുപ്പുമായി ചേർന്ന് കോൺഫറൻസ് 2024 സംഘടിപ്പിക്കുന്നു
ദോഹ: ഖത്തർ മതകാര്യ വകുപ്പ് മലയാളികൾക്കായി 2024 ഫെബ്രുവരി 23 വെളളി വൈകുന്നേരം 5:30 മുതൽ ദോഹ ഫനാർ ഓഡിറ്റോറിയത്തിൽ കേരളാ കോൺഫറൻസ് 2024 സംഘടിപ്പിക്കുന്നു. “ജീവിതം അടയാളപ്പെടുത്തുക നാളേക്ക് വേണ്ടി” എന്ന വിഷയത്തിൽ സംഘടിക്കപ്പെട്ടിരിക്കുന്ന കേരള കോൺഫറൻസിൽ പ്രമുഖ പണ്ഡിതനും ഷാർജ മസ്ജിദ് അബ്ദുൽ അസീസ് ഖത്തീബുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും.
ക്ഷണികമായ ഭൗതിക ജീവിതകാലം നന്മയാൽ അടയാളപ്പെടുത്താനുതകും വിധം ക്രമീകരിക്കാൻ ഏവരെയും പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സാമൂഹിക തിന്മകളുടെ ഏറി വരുന്ന സ്വാധീനം ഏവരെയും ആശങ്കയിലാക്കിയ ഈ സമയത്ത് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിലൂടെ മഹത്തായ ഒരു ഉത്തരവാദിത്ത നിർവ്വഹണമാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
ഫെബ്രുവരി 24 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന വിഷയത്തെ മുൻനിർത്തി നടക്കുന്ന ഫാമിലി കോൺഫറൻസിലും അദ്ദേഹം സംബന്ധിക്കും. ലഹരിയും ലൈംഗിക അരാജകത്വവും സാമൂഹിക പുരോഗതിയെ പിറകോട്ട് വലിച്ച സാമൂഹിക പശ്ചാത്തലത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കോൺഫറൻസ് ചർച്ച ചെയ്യും.
ചെറിയ ഒരിടവേളക്കു ശേഷം ഖത്തറിലെത്തുന്ന ഹുസൈൻ സലഫി പങ്കെടുക്കുന്ന രണ്ട് പരിപാടികളും ജീവിത വഴിയിൽ വെളിച്ചവും പ്രതീക്ഷയും പകരാൻ സഹായകരമാകുമെന്ന് സംഘാടകർ പ്രത്യാശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD