Qatar
സംഗീതപ്രേമികൾക്ക് ആവേശം; ഗ്രാമി ജേതാവ് ജോൺ ലെജൻഡ് വീണ്ടും ഖത്തറിലേക്ക്

ദോഹ: ലോകപ്രശസ്ത അമേരിക്കൻ ഗായികനും ഗാനരചയിതാവുമായ ജോൺ ലെജൻഡ് വീണ്ടും ഖത്തറിൽ സംഗീതവിരുന്നുമായെത്തുന്നു. 13 തവണ ഗ്രാമി പുരസ്കാരം നേടിയ ഈ വിഖ്യാത കലാകാരൻ 2026 ഏപ്രിൽ 17-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പെർഫോം ചെയ്യുമെന്ന് ‘വിസിറ്റ് ഖത്തർ’ ഔദ്യോഗികമായി അറിയിച്ചു.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളമായി സംഗീതരംഗത്ത് നിറഞ്ഞുനിൽക്കുന്ന ലെജൻഡിന്റെ “All of Me”, “Ordinary People”, ഓസ്കാർ പുരസ്കാരം നേടിയ “Glory” തുടങ്ങിയ ഗാനങ്ങൾ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചവയാണ്. 2023-ൽ കത്താറ ആംഫി തിയേറ്ററിൽ അദ്ദേഹം നടത്തിയ പരിപാടിക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അദ്ദേഹം ദോഹയിലെത്തുന്നത് വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.




