അടിമുടി നാടകീയതകൾക്കൊടുവിൽ ഗ്രൂപ്പ് ഇ യിലെ അവസാന റൌണ്ട് മത്സരങ്ങളിൽ നിന്ന് ജപ്പാനും സ്പെയിനും പ്രീ-ക്വാർട്ടറിൽ. യൂറോപ്യൻ കരുത്തരായ ജർമ്മനി പുറത്തായത് ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി. ഇന്നലെ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജപ്പാൻ സ്‌പെയിനെ അട്ടിമറിച്ചപ്പോൾ (2-1) അൽ ബൈത്തിൽ കോസ്റ്റാറിക്കക്കെതിരെ ജർമ്മനി 2-4 ന്റെ മികച്ച വിജയം സ്വന്തമാക്കി.
2 വിജയങ്ങളോടെ 6 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ഇ ജേതാക്കളായി. ഒരു വിജയവും ഒരു തോൽവിയും ഒരു സമനിലയുമുള്ള ടീമുകളായ സ്പെയിനും ജർമ്മനിയും 3 പോയിന്റുകളുമായി തുല്യ പോയിന്റ് നില പങ്കിട്ടെങ്കിലും ഗോൾ നിലയുടെ വ്യത്യാസത്തിൽ സ്‌പെയിൻ മുന്നിലെത്തി – രണ്ടാം സ്ഥാനക്കാരായി നോക്ക് ഔട്ട് പ്രവേശനം സാധ്യമാക്കി. കോസ്റ്റാറിക്കയെ 7-0 ന് തോൽപിച്ച വമ്പൻ ഗോൾ ശരാശരി സ്പെയിനിന് തുണയായി.
നാടകീയതതയും വിവാദവും നിറഞ്ഞതായിരുന്നു ഇന്നലെ സ്‌പെയിൻ-ജപ്പാൻ മത്സരം. ആദ്യപകുതിയിൽ ഉടനീളം പന്തടക്കത്തില്‍ മുന്നില്‍ നിന്ന സ്‌പെയിൻ മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ പ്രതിരോധ താരം സെസര്‍ അസ്പിക്കുലെറ്റിയുടെ ക്രോസില്‍ അല്‍വാരോ മൊറാട്ടയുടെ ഹെഡറിലൂടെ ഗോള്‍ നേടി.
എന്നാൽ രണ്ടാം പകുതിയിലെ ആദ്യ മിനിറ്റിൽ തന്നെ സ്‌പെയിന്റെ പ്രതിരോധ താരത്തില്‍ നിന്നും പന്ത് പിടിച്ചെടുത്ത ജപ്പാൻ റൈറ്റ് വിങ്ങിലൂടെ അതിവേഗം ഡ്രിബിള്‍ ചെയ്ത് മുന്നേറി കൊണ്ട്, റിറ്റ്സു ഡോവന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോൾ നേടി സമനില പിടിച്ചു. പിന്നെ കണ്ടത് ജപ്പാന്റെ മുന്നേറ്റം.
4 മിനിറ്റിനു ശേഷമാണ് വിവാദ ഗോളിലൂടെ ജപ്പാൻ ലീഡെടുക്കുന്നത്. റൈറ്റ് വിങ്ങില്‍ നിന്ന് ഡോവന് നീട്ടി നല്‍കിയ ക്രോസ് മിട്ടോമ ലൈനിൽ തൊട്ടുരുമ്മി (?) നിന്ന് ഗോള്‍ വലക്ക് മുന്നിലേക്ക് മറിച് നല്‍കുന്നു. പാഞ്ഞെത്തിയ ടനാകയുടെ ബുള്ളെറ്റ് ഹെഡര്‍ സ്പാനിഷ് ഗോള്‍ വല തുളക്കുന്നു. വാർ ചെക്കിൽ ലൈൻ കടന്നില്ല എന്ന വിധി വന്നതോടെ ജപ്പാന് ഗോൾ ലഭിച്ചു. പിന്നീട് സമനില പിടിക്കാൻ സ്‌പെയിൻ പൊരുതിയെങ്കിലും ജപ്പാന്റെ പ്രതിരോധം മറികടക്കാൻ ആയില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu