മണിക്കൂറിൽ എൺപതു ബസുകളെ കൈകാര്യം ചെയ്യാൻ ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ സജ്ജമാണെന്ന് ഗതാഗത മന്ത്രാലയം
ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ ഇപ്പോൾ മണിക്കൂറിൽ 80 ബസുകൾ കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു. സുഗമമായ പ്രവർത്തനത്തിനായി സ്റ്റേഷനിൽ ഇലക്ട്രിക് ചാർജിംഗ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് എക്‌സിലെ പോസ്റ്റിലൂടെ MoT വ്യക്തമാക്കി.
അൽ കസറത്ത് സ്ട്രീറ്റിൻ്റെയും സ്ട്രീറ്റ് 33-ൻ്റെയും സിഗ്നൽ ജംഗ്ഷനു സമീപമുള്ള ഇൻഡസ്ട്രിയൽ ഏരിയയിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇതിൽ 28 ബസ് ബേകൾ ഉണ്ട്, 9 ഹ്രസ്വകാല പാർക്കിംഗ് ഉൾപ്പെടെയാണിത്. 19 ബസുകൾ 18 വ്യത്യസ്ത റൂട്ടുകളിലായി സർവീസ് നടത്തുന്നു. ഈ ബസുകൾക്ക് പ്രതിദിനം 40,000 യാത്രക്കാരെ 20 ലക്ഷ്യസ്ഥാനങ്ങളിലേക്കായി കൊണ്ടുപോകാൻ കഴിയും. ലേബർ സിറ്റിക്കും ഏഷ്യൻ ടൗണിനും സമീപമാണ് സ്റ്റേഷൻ, പടിഞ്ഞാറ് വശത്തുള്ള അൽ കസറത്ത് സ്ട്രീറ്റിൽ നിന്ന് ഇവിടേക്ക് പ്രവേശനമുണ്ട്. 18,228 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള സ്ഥലത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഒരു ടിക്കറ്റ് കൗണ്ടർ, യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം, ഓഫീസുകൾ, പള്ളി, വാണിജ്യ സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഇലക്ട്രിക് ബസുകൾക്കായി അഞ്ച് ചാർജിംഗ് യൂണിറ്റുകളും സ്റ്റേഷനിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ ബസ് സ്റ്റേഷൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. നഗരപ്രദേശങ്ങളിൽ സുസ്ഥിരവും സംയോജിതവുമായ പൊതുഗതാഗത ശൃംഖല നൽകി ഖത്തറിൻ്റെ വിഷൻ 2030-നെ പിന്തുണയ്ക്കുന്ന ഗതാഗത മന്ത്രാലയത്തിൻ്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ച്ചർ പ്രോഗ്രാമിൻ്റെ ഭാഗമാണിത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx