ഇന്ത്യൻ പ്രതിനിധികൾ ദോഹയിൽ താലിബാനുമായി ചർച്ച നടത്തിയതായി സ്ഥിരീകരണം.

ദോഹ: ഖത്തറിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ ദോഹയിൽ താലിബാനുമായി ചർച്ച നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഖത്തറിന്റെ തീവ്രവാദ വിരുദ്ധവിഭാഗം പ്രത്യേക എൻവോയ് മുത്ലാഖ് ബിൻ മജെദ് അൽ ഖഹ്താനി ആണ് തിങ്കളാഴ്ച ഒരു വെബ് കോണ്ഫറൻസിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ നേരിട്ട് താലിബാനുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട് വരുന്നത്. ഇന്ത്യൻ അധികൃതർ താലിബാൻ രാഷ്ട്രീയകാര്യവിഭാഗവുമായി സംസാരിക്കാൻ നിശബ്ദമായി സന്ദർശനം നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു എന്നായിരുന്നു അൽ ഖഹ്താനിയുടെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ദോഹ സന്ദർശനത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വാർത്ത പുറത്തുവരുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേ സമയം വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല.

താലിബാന് അഫ്‌ഗാന്റെ ഭാവിയിൻ മേലുള്ള നിർണായക സ്വാധീനമാണ് കൂടിക്കാഴ്ചയുടെ വിഷയമായതെന്ന് അൽ ഖഹ്താനി മാധ്യമങ്ങളോട് പറഞ്ഞു. “യുഎസ്-നാറ്റോ സൈനിക പിന്മാറ്റത്തിന് ശേഷം അഫ്‌ഗാനിലെ സമാധാനം” എന്ന വിഷയത്തിൽ അറബ് സെന്റർ ഇൻ വാഷിംഗ്ടണ് ആന്റ് സെന്റർ ഫോർ കോണ്ഫ്ലിക്ട് ആന്റ് ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് ഇൻ ദോഹ സംഘടിപ്പിച്ച വെബ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖഹ്താനി. 

“പരസ്പര ചർച്ചകൾക്കുള്ള സമയമാണിത്. ഈ സമയം ഏത് ചർച്ചകൾ ഉണ്ടായാലും അത് സമാധാനപരമായി പരസ്പരപ്രശ്നപരിഹാരം പ്രോത്സാഹിപ്പിക്കാൻ ഉള്ളതാകണം. ആക്രമണത്തിലൂടെ ഒരു രാജ്യത്തെ കീഴ്പ്പെടുത്താൻ പോകുന്ന ഒരു സംഘടനയെ അംഗീകരിക്കാൻ ഖത്തർ ഉൾപ്പടെ ഒരു രാജ്യവും തയ്യാറാകില്ല,” യുഎസ് പിന്മാറ്റത്തിന് ശേഷം താലിബാന്റെ നേതൃത്വത്തിൽ അഫ്‌ഗാനിൽ ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. അഫ്ഘാനിസ്താനിൽ രാഷ്ട്രീയ സ്ഥിരതയുണ്ടാവാൻ താൽപ്പര്യമെടുക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013 മുതൽ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് ദോഹയിൽ പ്രവർത്തിക്കുന്നുണ്ട്. 

Exit mobile version