ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ; ഗ്യാസ് പ്രതിസന്ധിക്ക് ആശ്വാസമായേക്കും

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും എൽപിജിയുമായി വന്ന ഇന്ത്യൻ ടാങ്കർ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. അമേരിക്ക-ഇസ്രായേൽ സൈനിക നീക്കങ്ങളെത്തുടർന്ന് ഈ സുപ്രധാന ജലപാതയിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം.
46,650 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ‘ഗ്രീൻ സാവി’ (Green Sanvi) എന്ന കപ്പലാണ് ശനിയാഴ്ച സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടത്. കപ്പലിൽ 25 നാവികരാണുള്ളത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഈ പാതയിലൂടെ ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കറാണിത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിൽ നിരവധി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാൻ ന്യൂഡൽഹിക്ക് സാധിച്ചിട്ടുണ്ട്.
രാജ്യത്തെ എൽപിജി ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെടുന്ന പാചകവാതക ക്ഷാമം പരിഗണിച്ചു കൊണ്ട്, വ്യവസായ മേഖലയ്ക്കുള്ള വിതരണം പരിമിതപ്പെടുത്തി ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ 17 ഓളം ഇന്ത്യൻ കപ്പലുകളും 460 നാവികരും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നാണ് കണക്കുകൾ. ഇറാനുമായുള്ള നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തി ഇന്ധന വിതരണം തടസ്സമില്ലാതെ തുടരാനുള്ള ശ്രമത്തിലാണ് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം




