ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പിൻവലിച്ചു. ഒമൈക്രോണ് ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇതേ ആവശ്യമാണ് മുന്നോട്ട് വച്ചത്. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 15ന് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള തീരുമാനം സിവില്‍ വ്യോമയാന മന്ത്രാലയം മരവിപ്പിച്ചത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. എന്നാൽ, നിലവില്‍ രാജ്യങ്ങൾ തമ്മിൽ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സർവീസുകൾ തുടരും.
കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും, ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
അതേസമയം, ഒമൈക്രോണ് ഇതാദ്യമായി ഗൾഫ് മേഖലയിലും സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ കണ്ടെത്തിയതതായി സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റിയതായും ആവശ്യമായ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കുന്നതായും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറെക്കാലത്തിന് ശേഷം ഇന്ന് മുതലാണ് സൗദി ഇന്ത്യക്കാർക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിച്ചത്. എന്നാൽ പുതിയ സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലും കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
നിലവിൽ ഗൾഫ് ഇന്ത്യയുടെ ഒമൈക്രോണ് റിസ്ക് പട്ടികയിൽ ഇല്ല. എന്നാൽ മുഴുവൻ യൂറോപ്യൻ രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ എത്തുമ്പോൾ നിർബന്ധിത ടെസ്റ്റും ക്വാറന്റീനും ഉൾപ്പെടെയുള്ളവ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാകും.