ഗൾഫ് സഹോദയ കോൺഫറൻസ്: ഐഡിയൽ ഇന്ത്യൻ സ്കൂളിന് മികച്ച അക്കാദമിക് നേട്ടത്തിനുള്ള പുരസ്കാരം

ദോഹ: കൊച്ചിയിൽ നടന്ന 38-ാമത് സി.ബി.എസ്.ഇ ഗൾഫ് സഹോദയ പ്രിൻസിപ്പൽസ് കോൺഫറൻസിൽ (2025–26) ഐഡിയൽ ഇന്ത്യൻ സ്കൂളിന് ‘അക്കാദമിക് എക്സലൻസ് അവാർഡ്’. 2025-ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്കൂൾ കൈവരിച്ച മികച്ച വിജയത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഗൾഫ് തലത്തിൽ രണ്ടാം സ്ഥാനം നേടിയ ലെയ മരിയ സിസിലും, കൊമേഴ്‌സ് സ്ട്രീമിൽ മൂന്നാം സ്ഥാനം നേടിയ ഷിഫാന മുഹമ്മദും സ്കൂളിന്റെ ഈ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
കൊച്ചിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഗൾഫ് സഹോദയ ചെയർമാൻ രവി അയ്യനോളി, സെക്രട്ടറി പാപ്രി ഘോഷ് എന്നിവരിൽ നിന്ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ആക്ടിങ് പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ പുരസ്കാരം ഏറ്റുവാങ്ങി. ഗൾഫ് രാജ്യങ്ങളിലെ 106 പ്രിൻസിപ്പൽമാർ പങ്കെടുത്ത ഈ കോൺഫറൻസിന് ഗൾഫ് സഹോദയ ഖത്തർ ചാപ്റ്ററാണ് ആതിഥേയത്വം വഹിച്ചത്.
വിദ്യാഭ്യാസ രംഗത്തെ നൂതന മാറ്റങ്ങൾ, നേതൃത്വ പാടവം എന്നിവ ചർച്ച ചെയ്ത സമ്മേളനം മേഖലയിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കും രൂപം നൽകി.
വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിനും മികച്ച അധ്യാപന രീതികൾക്കും ഐഡിയൽ ഇന്ത്യൻ സ്കൂൾ നൽകുന്ന മുൻഗണനയ്ക്കുള്ള തെളിവാണ് ഈ പുരസ്കാരമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.




