ICBF പ്രസിഡന്റ് ഷാനവാസ് ബാവയെ ഖത്തർ തൊഴിൽ മന്ത്രാലയം കമ്യൂണിറ്റി അഡ്വൈസറായി തിരഞ്ഞെടുത്തു

ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രസിഡന്റ് ഷാനവാസ് ബാവയെയും എം.സി അംഗവും തൊഴിലാളി–മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവിയുമായ ശങ്കർ ഗൗഡിനെയും ഖത്തർ തൊഴിൽ മന്ത്രാലയം കമ്യൂണിറ്റി അഡ്വൈസർമാരായി തെരഞ്ഞെടുത്തു. ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലെ അവരുടെ സേവനങ്ങളും നേതൃത്വവും പരിഗണിച്ചാണ് തീരുമാനം.
തൃശൂർ കെപ്പമംഗലം സ്വദേശിയായ ഷാനവാസ് ബാവ, ഇന്ത്യൻ പ്രവാസി തൊഴിലാളി സമൂഹത്തിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ICBF-ന്റെ പ്രസിഡന്റാണ്. ദോഹയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രഫഷണൽ കഴിവും സംഘാടന പ്രതിഭയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആദരണീയമാണ്.
ICBF-ന്റെ സേവനങ്ങൾ ഖത്തറിലെ എല്ലാ മേഖലകളിലും എത്തിക്കുന്നതിന് ഷാനവാസ് ബാവ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. അദ്ദേഹം കേരള ബിസിനസ് ഫോറത്തിന്റെ (KBF) മുൻ പ്രസിഡന്റുമാണ്. ഭാര്യ സസ്ന തൃശൂർ എം.ടി.ഐയിലെ ലക്ചററും മകൾ ഹന്ന ഫാത്തിമ മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനിയുമാണ്.
തെലങ്കാന സ്വദേശിയായ ശങ്കർ ഗൗഡ്, ഖത്തറിലെ തൊഴിലാളി സമൂഹത്തിനിടയിൽ വിവിധ ക്ഷേമ പദ്ധതികൾക്ക് നേതൃത്വമൊരുക്കുന്ന പ്രമുഖ പ്രവർത്തകനാണ്.




