പാലായനം ചെയ്ത അഫ്‌ഗാനികൾക്ക് ഖത്തർ അംബാസിഡർ തുണയായതെങ്ങനെ!
അഫ്‌ഗാനിൽ താലിബാൻ കീഴടക്കൽ ആരംഭിച്ചതോടെ, രാജ്യത്ത് നിന്ന് കുടിയേറാൻ ആഗ്രഹിച്ച അഭയാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർക്ക് താത്കാലിക അഭയമൊരുക്കാൻ സന്നദ്ധമായ രാജ്യമാണ് ഖത്തർ. ഇതിന് പുറമെ, അഫ്‌ഗാനിൽ നിന്ന് സർവം ഉപേക്ഷിച്ച് രക്ഷപ്പെടാൻ തയ്യാറായ ജനങ്ങൾക്ക് രാജ്യത്തെ ഖത്തർ എംബസ്സി സംവിധാനങ്ങളും അംബാസിഡർ ഉൾപ്പെടെയുള്ള ജീവനക്കാരും എങ്ങനെയാണ് തുണയായത് എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മേഖലയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസിനോട്.
അഫ്‌ഗാനിൽ നിന്ന് പുറപ്പെടാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്ക് സ്റ്റാഫുകളുമായി ബന്ധപ്പെടാൻ പാകത്തിൽ സൗകര്യങ്ങൾ ഖത്തർ എംബസ്സി ഒരുക്കിയിരുന്നു. ഇവരുടെ വിവരങ്ങൾ സുരക്ഷിതമാക്കിയ ശേഷം കാബൂളിൽ ഖത്തർ അംബാസിഡർ സയീദ് ബിൻ മുബാറക്ക് ബിൻ അൽ ഖയാറിൻ താമസിക്കുന്ന ഹോട്ടലിലേക്ക് ഇവരെ അയച്ചു സുരക്ഷിതമായി താമസിപ്പിച്ചു.
ഏതെങ്കിലും അഭയാർത്ഥി ഉയർന്ന റിസ്‌ക്ക് ഉള്ള പ്രദേശത്ത് നിന്ന് താലിബാൻ ചെക്ക്പോയിന്റുകൾ കടന്നാണ് വരേണ്ടതെങ്കിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തും വരെ ഖത്തരി സ്റ്റാഫുകൾ ഇവരെ അനുഗമിച്ചു. കാബൂൾ എയര്പോർട്ടിലേക്കുള്ള ഇവരുടെ യാത്ര സുരക്ഷിതമാക്കാൻ ഖത്തറിന്റെ ഡിപ്ലോമാറ്റിക്ക് വാഹനങ്ങളും ബസ്സുകളും തന്നെ ഉപയോഗിച്ചു. ഈ വാഹനങ്ങളിൽ അംബാസിഡർ തന്നെ ഇവരെ അനുഗമിക്കുകയും ചെയ്തു. ആദ്യദിവസങ്ങളിൽ ഉണ്ടായ ഹൃദയഭേദകമായ കാഴ്ച്ചകളും പരിഭ്രാന്തിയും ഒഴിവാക്കാൻ കൂടി ഇതിലൂടെ സാധിച്ചു.
പലായനം ചെയ്തവരിൽ മിക്കവരും യുഎസ് സേനയുമായി ഗവണ്മെന്റ്, മീഡിയ അല്ലെങ്കിൽ എൻജിഒ തലത്തിൽ സഹകരിച്ച അഫ്‌ഗാനികളായിരുന്നു. താലിബാൻ ചെക്ക്പോയിന്റുകളിലൂടെ ഇവരെ സുരക്ഷിതമായി കൊണ്ടുവരാൻ സാധിച്ച വളരെക്കുറച്ച് രാജ്യങ്ങളിലൊന്നാണ് ഖത്തർ.