യാത്രക്കാർക്ക് വലിയ രീതിയിൽ സഹായകമാവുന്ന, നൂതന സാങ്കേതികവിദ്യയുമായി ഹമദ് വിമാനത്താവളം; ലോകത്താദ്യം
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ), പ്രമുഖ ഇലക്ട്രോണിക് സുരക്ഷാ കമ്പനിയായ സ്മിത്ത്സ് ഡിറ്റക്ഷനുമായി സഹകരിച്ച്, സുരക്ഷാ ചെക്ക് പോയിന്റിൽ നൂതന സവിശേഷതകളോട് കൂടിയ പുതിയ സ്ക്രീനിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചു. ഉയർന്ന സുരക്ഷയും, ഉപഭോക്തൃ സേവനവും, കാര്യക്ഷമതയും നൽകുന്നതാണ് പുതിയ സംവിധാനം. എച്ച്‌ഐഎയുടെ ട്രാൻസ്ഫർ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ സ്ക്രീനിംഗ് സംവിധാനം വിമാനത്താവളത്തിന്റെ സ്മാർട്ട് സെക്യൂരിറ്റി പ്രോഗ്രാമിന്റെ ഭാഗമാണ്.
പുതിയ സാങ്കേതികവിദ്യ യാത്രക്കാർക്ക് ബാഗുകളിൽ നിന്ന് ദ്രാവകങ്ങളോ വലിയ ഇലക്ട്രോണിക് വസ്തുക്കളോ നീക്കംചെയ്യാതെ തന്നെ സ്കാനിംഗ് പൂർത്തിയാക്കാൻ സഹായിക്കും. മാത്രമല്ല ആറ് യാത്രക്കാർക്ക് ഒരേ സമയം ട്രേകളിലേക്ക് അവരുടെ സാധനങ്ങൾ ലോഡുചെയ്യാനാവുന്ന വിധത്തിൽ വലിയ അളവിൽ സമയലാഭവും പ്രദാനം ചെയ്യുന്നു.
സ്ക്രീനിംഗിന് മുന്പായി തന്നെ യാത്രക്കാരുടെ ബോർഡിംഗ് പാസ് സ്കാനറുകളിലേക്ക് ബന്ധിപ്പിക്കുന്ന സംവിധാനത്തിൽ, യാത്രക്കാരന്റെ ബോർഡിംഗ് കാർഡിൽ നിന്ന് അയാളുടെ സാധനങ്ങൾക്ക് നൽകുന്ന ഇലക്ട്രോണിക്ക് ടാഗ് ഉപയോഗിച്ച് ലഗ്ഗേജുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും. ട്രേയിൽ നിന്ന് സാധനങ്ങൾ തിരികെയെടുത്ത ഉടൻ സിസ്റ്റം ട്രേ സ്കാൻ ചെയ്ത് വസ്തുക്കൾ ഒന്നും അവശേഷിച്ചിട്ടില്ല എന്നുറപ്പ് വരുത്തും. യാത്രക്കാരന് എന്തെങ്കിലും വസ്തു നഷ്ടപ്പെടുന്ന പക്ഷം വിശദമായ പരിശോധന നടത്തി അലർട്ട് ചെയ്യും.
പാദരക്ഷകൾ അഴിക്കാതെ തന്നെ ഏതാനും സെക്കന്റുകൾക്കുള്ളിൽ ഷൂ സ്കാൻ ചെയ്യുന്ന സംവിധാനമാണ് മറ്റൊന്ന്.
ക്യാബിൻ ബാഗേജിനുള്ള റിമോട്ട് സ്‌ക്രീനിംഗ് സംവിധാനത്തിലൂടെ ഇമേജ് ഇവാല്യൂവേഷൻ നടക്കുമ്പോഴും തത്സമയം സിസ്റ്റം ബെൽറ്റ് ചലിച്ചു കൊണ്ട് സമയം ലാഭിക്കും. ഉയർന്ന ഡിറ്റക്ഷൻ റേറ്റും കുറഞ്ഞ തെറ്റായ അലാമിംഗ് റേറ്റും പുതിയ സാങ്കേതികവിദ്യയുടെ സവിശേഷതകളാണ്. സ്കാനറിൽ ഘടിപ്പിച്ച അൾട്രാവയലറ്റ് സി മോഡ്യൂളുകൾ ഉപയോഗിച്ച് ഓരോ തവണയും ട്രേ അണുവിമുക്തമാക്കുകയും ചെയ്യും.
ഈ സാങ്കേതിവിദ്യ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാവുകയാണ് ഹമദ് ഇന്റർനാഷണൽ. സ്മിത്ത്സ് ഡിറ്റക്ഷനുമായി ചേർന്ന്, കംപ്യൂട്ടഡ് ടോമോഗ്രാഫി ഉപയോഗിച്ച് ചെക്പോയിന്റുകളിൽ കാരി ഓണ് ബാഗേജുകളുടെ ഉയർന്ന സ്കാനിംഗ് പ്രദാനം ചെയ്യുന്ന HI-SCAN 6040 CTiX സംവിധാനവും ആദ്യം അവതരിപ്പിച്ചത് HIA ആയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗിൽ നിന്ന് മാറ്റാതെ തന്നെ സ്കാൻ ചെയ്യാവുന്ന സി2 സാങ്കേതികവിദ്യ ഹമദ് വിമാനത്താവളം കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.