ഖത്തറിൽ ഗ്രൂപ്പിനുള്ളിലെ പുനഃസംഘടനകൾക്ക് കാപിറ്റൽ ഗെയിൻസ് നികുതിയില്ല; നിക്ഷേപകർക്ക് ഇളവുകളുമായി ടാക്സ് അതോറിറ്റി

ദോഹ: രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂലധന നേട്ട നികുതിയിൽ (Capital Gains Tax) സുപ്രധാന ഇളവുകളും വ്യക്തതയുമായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA). ഒരേ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ തമ്മിലുള്ള പുനഃസംഘടനകളിലൂടെയുണ്ടാകുന്ന ലാഭത്തിന് നികുതി ഇളവ് നൽകാനാണ് അതോറിറ്റിയുടെ തീരുമാനം.
കമ്പനികൾക്ക് കൂടുതൽ കാര്യക്ഷമമായി ആസ്തികൾ കൈമാറുന്നതിനും സാമ്പത്തിക ക്രമീകരണങ്ങൾ നടത്തുന്നതിനും ഈ നീക്കം സഹായകരമാകും. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനികൾ ലിസ്റ്റ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
പ്രധാന ഇളവുകൾ ഇവയാണ്:
- ഗ്രൂപ്പ് പുനഃസംഘടന: ഒരേ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ ആസ്തികൾ കൈമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന ലാഭത്തിന് നികുതി നൽകേണ്ടതില്ല.
- വ്യക്തിഗത നിക്ഷേപങ്ങൾ: ബിസിനസ് ആവശ്യങ്ങൾക്കല്ലാത്ത റിയൽ എസ്റ്റേറ്റ്, സെക്യൂരിറ്റീസ് എന്നിവയിലൂടെ വ്യക്തികൾ നേടുന്ന ലാഭത്തെ നികുതിയിൽ നിന്ന് ഒഴിവാക്കി.
- വിദേശ നിക്ഷേപകർ: ഖത്തർ സാമ്പത്തിക വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സെക്യൂരിറ്റികളിൽ നിന്നും നിക്ഷേപ ഫണ്ടുകളിൽ നിന്നും ഖത്തരികളല്ലാത്ത നിക്ഷേപകർ നേടുന്ന ലാഭത്തിനും ഇളവുണ്ട്.
അതേസമയം, രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരി വിൽപനയിലൂടെയോ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെയോ ഉണ്ടാകുന്ന ലാഭത്തിന് നികുതി ബാധകമായിരിക്കും. നിശ്ചിത സാമ്പത്തിക-വാണിജ്യ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പുനഃസംഘടനകൾക്ക് മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്നും അതോറിറ്റി വ്യക്തമാക്കി.




