Qatar

വാഷിംഗ്ടണിൽ യുഎസ് നേതാക്കളുമായി ഖത്തർ വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച്ച

വാഷിംഗ്ടൺ: ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനി ഇന്ന് വാഷിംഗ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. അഫ്ഘാനിസ്താൻ, ഇറാഖ്, സിറിയ, പലസ്‌തീൻ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങളും വികസനപ്രവർത്തനങ്ങളുമാണ് ചർച്ചയായത്.

ബുധനാഴ്ച വാഷിംഗ്ടണിൽ യുഎസ് സെനറ്റ് അംഗങ്ങളുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റർമാരായ ക്രിസ് കോൺ, ടോഡ് യംഗ്, ക്രിസ് മർഫി എന്നിവരുമായാണ് അൽ ഥാനി ചർച്ച നടത്തിയത്. ഉഭയകക്ഷിബന്ധങ്ങൾക്കൊപ്പം മേഖലയിൽ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളും ചർച്ചയായി. പശ്ചിമേഷ്യയിൽ സമാധാന സ്ഥാപനത്തിനായും രാഷ്ട്രീയ സ്ഥിരതക്കായും ഖത്തർ നടത്തുന്ന ശ്രമങ്ങളെ യുഎസ് പ്രതിനിധികൾ അഭിനന്ദിച്ചു.

യുഎസ് സായുധ സേന ഹൗസ് കമ്മറ്റി ചെയർമാൻ ആഡം സ്മിത്തുമായും ഖത്തർ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിക്ഷേപം വർധിപ്പിക്കാനും അൽ ഉദൈദ് എയർബേസിനെ സംബദ്ധിച്ചും ഖത്തറിലെ തൊഴിലാളി അവകാശ സംരക്ഷണങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യവും തൊഴിലാളി അവകാശ സംരക്ഷണത്തിനായുള്ള ഖത്തറിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങളും അൽ ഥാനി പ്രത്യേകം പരാമർശിച്ചു.

Related Articles

Back to top button