ഖത്തറിൽ ഫുഡ് ഡെലിവറി ഇനി കാറിൽ മാത്രം
ദോഹ: ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികൾ വേനൽക്കാലത്ത് മോട്ടോർ സൈക്കിളിന് പകരം കാർ വഴി ഓർഡറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കണം. ഡെലിവറി ജോലിക്കാരുടെ ആരോഗ്യം ഉറപ്പാക്കാൻ റൈഡർമാർ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ കാറുകൾ മാത്രം ഉപയോഗിക്കാനാണ് നിയമപരമായ ഉത്തരവ്.
നിയമം ഇന്ന്, ജൂലൈ 1, മുതൽ പ്രാബല്യത്തിൽ വന്നു. 2022 സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും.
ഖത്തറിലെ നിരവധി ഫുഡ് ഡെലിവറി കമ്പനികൾ സോഷ്യൽ മീഡിയയിൽ ഈ നടപടിയെ സ്വാഗതം ചെയ്തു.
“റൈഡർ ക്ഷേമം ഉറപ്പാക്കുന്ന സംരംഭങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് വേനൽക്കാലത്ത്, അവരുടെ ആവശ്യങ്ങൾ എല്ലായ്പ്പോഴും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരും,” ഇൻസ്റ്റാഗ്രാമിൽ, തലാബത്ത് പറഞ്ഞു.
“നോ റൈഡേഴ്സ് അണ്ടർ ദി സൺ 2” എന്ന സംരംഭം പുനരാരംഭിച്ചുകൊണ്ട് സ്നൂനു ഏറ്റവും പുതിയ നിയമം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.
ഔട്ട്‌ഡോർ സ്‌പെയ്‌സിലെ നിയമപരമായ പ്രവൃത്തി സമയം ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ നീട്ടിയ 2021-ലെ 17-ാം നമ്പർ മിനിസ്റ്റീരിയൽ ഡിക്രി അനുസരിച്ചാണ് നടപടി.
ഹീറ്റ് സ്ട്രെസ് ട്രെയിനിംഗ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, വാർഷിക ആരോഗ്യ പരിശോധന എന്നിവ തൊഴിലാളികൾക്ക് ഉറപ്പുവരുത്താനും ഡിക്രി കർശനമായി നിർദേശിക്കുന്നു.
“അതുപോലെ, അന്തരീക്ഷ താപനിലയേക്കാൾ വെറ്റ്-ബൾബ് ഗ്ലോബ് ടെമ്പറേച്ചർ (WBGT) 32.1 ന് അപ്പുറം ഉയരുകയാണെങ്കിൽ എല്ലാ ജോലികളും നിർത്തണം,” GCO യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തൊഴിൽ പരിഷ്‌കാരങ്ങൾ പറയുന്നു.