ഖത്തറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ശക്തമായ പോളിംഗ്
ദോഹ: ഖത്തറിന്റെ നിയമനിർമാണസഭയായ ഷൂറ കൗണ്സിലിലേക്കുള്ള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 29 പോളിംഗ് സ്റ്റേഷനുകളിലായാണ് പോളിംഗ് നടക്കുന്നത്. അഞ്ചാം നമ്പർ മണ്ഡലത്തിൽ സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ പ്രസ്തുത പോളിംഗ് സ്റ്റേഷനിൽ വോട്ടെടുപ്പില്ല. 26 സ്ത്രീകൾ ഉൾപ്പെടെ 229 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച പോളിംഗിൽ സ്ത്രീകളുൾപ്പടെയുള്ള വോട്ടർമാരുടെ കനത്ത പങ്കാളിത്തമാണ് കാണപ്പെടുന്നത്. ബാലറ്റ് പേപ്പറിലാണ് ഖത്തറിന്റെ പ്രഥമ തെരഞ്ഞെടുപ്പ്. വോട്ടിംഗ് ആരംഭിക്കുന്നതിന് മുന്നേ തന്നെ ചെറു ക്യൂകളിലായി പ്രത്യക്ഷപ്പെട്ട വോട്ടർമാർ അടക്കം, രാവിലെ മുതൽ അതിവേഗത്തിൽ വോട്ടിംഗ് പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
ഖത്തർ പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും റെഡ് ക്രസന്റ് സൊസൈറ്റി വളണ്ടിയർമാരും പോളിംഗ് ബൂത്തുകളിൽ സുരക്ഷയ്ക്കായി അണിനിരന്നിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വേർതിരിച്ച വലിയ ഹാളുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് കാണിച്ച ശേഷം ഹാളിലെത്തുന്ന വോട്ടർമാർ വെരിഫിക്കേഷനിൽ ലഭിക്കുന്ന സ്ലിപ്പുമായി ബാലറ്റ് പേപ്പർ വാങ്ങി നിശ്ചയിച്ച രഹസ്യ കോർണറുകളിലെത്തി വോട്ട് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. വോട്ടെടുപ്പിന് മുൻപായി ബാലറ്റ് പെട്ടി പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തിയ സ്ഥാനാർഥികൾക്ക് ഇലക്ഷൻ പ്രക്രിയ നിരീക്ഷിക്കാൻ ഹാളിൽ പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
ഖത്തറിന്റെ ചരിത്രത്തിലെ ആദ്യ ദേശീയ തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് ആറിന് സമാപിക്കും.