
ദോഹ: സ്വകാര്യ ട്യൂഷൻ മേഖല (Private Tutoring) കൂടുതൽ ക്രമീകരിക്കുന്നതിന്റെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ലൈസൻസുള്ള അധ്യാപകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നൽകാൻ ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതിന്റെ ഭാഗമായി ലൈസൻസുള്ള പ്രൈവറ്റ് ട്യൂഷൻ അധ്യാപകർക്കായി മന്ത്രാലയം ആദ്യ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (Identification Card) പുറത്തിറക്കി.
അനധികൃത ട്യൂഷനുകൾ തടയാനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി. അധ്യാപകർക്ക് ഔദ്യോഗിക ലൈസൻസ് ഉണ്ടെന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയൽ കാർഡ്. അംഗീകൃത വിദ്യാഭ്യാസ കേന്ദ്രങ്ങളിലോ വീടുകളിലോ ട്യൂഷൻ നൽകുമ്പോൾ അധ്യാപകർ ഈ കാർഡ് കൈവശം വെക്കണം. രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർക്കും അധ്യാപകരുടെ നിയമപരമായ യോഗ്യത ഉടൻ പരിശോധിക്കാൻ ഇത് സഹായിക്കും.
പ്രധാന ലക്ഷ്യങ്ങൾ:
- അംഗീകൃത പ്രൊഫഷണൽ, അക്കാദമിക് യോഗ്യതയുള്ള അധ്യാപകരെ മാത്രം ഈ മേഖലയിൽ ഉറപ്പാക്കുക.
- നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളെയും അധ്യാപകരെയും തടയുക.
- സ്വകാര്യ ട്യൂഷൻ സേവനങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിശ്വാസം വർദ്ധിപ്പിക്കുക.
- യോഗ്യതയില്ലാത്ത അധ്യാപകരെക്കുറിച്ചുള്ള പരാതികൾ കുറയ്ക്കുക.
വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഡയറക്ടർ ഈമാൻ അലി അൽ-നുഐമി അറിയിച്ചതനുസരിച്ച്, അധ്യാപകരുടെ അക്കാദമിക് യോഗ്യതകൾ, പ്രവൃത്തിപരിചയം, താമസരേഖകൾ, തൊഴിൽ കരാറുകൾ എന്നിവ പരിശോധിച്ച ശേഷമാണ് ഐഡി കാർഡുകൾ നൽകുന്നത്. വിവിധ വിഷയങ്ങളിലായി 272 അധ്യാപകരെ അഭിമുഖം ചെയ്തതിൽ 182 പേർക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്.
ബാക്കിയുള്ള അധ്യാപകർക്ക് തങ്ങളുടെ രേഖകൾ ശരിയാക്കാൻ ട്യൂഷൻ സെന്ററുകൾക്ക് ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ലൈസൻസും കൃത്യമായ ഐഡി കാർഡും ഉള്ള അധ്യാപകരുടെ സേവനം മാത്രമേ രക്ഷിതാക്കൾ തേടാവൂ എന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.
Join QatarMalayalees for latest updates – https://chat.whatsapp.com/JR4JCBiMCDWITeB6j7snJO




