സിവിൽ ഡിഫൻസ് നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നു മുന്നറിയിപ്പ്
ദോഹ: അഗ്നിബാധ ഉൾപ്പടെയുള്ള അപകടങ്ങളിൽ നിന്നുള്ള സുരക്ഷാ മുൻകരുതൽ നടപടികളായ സിവിൽ ഡിഫൻസ് നടപടികൾ നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. അടച്ചുപൂട്ടൽ മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിൽ ആയിരിക്കും. നടപടികളുമായി സഹകരിക്കാത്ത പക്ഷം അടച്ചുപൂട്ടൽ പിന്നെയും നീളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയ കാലയളവിനുള്ളിൽ ജോലികൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ നേരിടുക. ആഭ്യന്തര മന്ത്രിയുടെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ പ്രമേയത്തിലൂടെയോ നടപടികൾ സ്വീകരിക്കും. ആവശ്യമായ നടപടികൾ നടപ്പിലാക്കാത്ത സാഹചര്യത്തിൽ മറ്റ് സമാന കാലയളവുകളിലേക്കും ഇത് നീട്ടാം, വകുപ്പ് പറഞ്ഞു.
“ശൈത്യകാലത്തെ അഗ്നിബാധ തടയൽ” എന്ന വിഷയത്തിൽ ഇന്ന് നടന്ന വെബിനാറിലാണ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ പങ്കിട്ടത്.
തീപിടുത്ത അപകട സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തൽ സ്ഥലത്തെ ആശ്രയിച്ച് ആണെങ്കിലും സാധാരണയായി പരമാവധി സമയം 7 മിനിറ്റാണ് എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ബോധവൽക്കരണ ഓഫീസർ ക്യാപ്റ്റൻ അയ്യൂബ് സാലിഹ് നാസർ അൽ ഷത്ഫ് പറഞ്ഞു.
ഏതെങ്കിലും കോളിന് മറുപടിയായി സിവിൽ ഡിഫൻസ് വാഹനങ്ങൾ നീങ്ങുമ്പോൾ, റോഡ് ഉപയോക്താക്കൾ സിവിൽ ഡിഫൻസ് വാഹനങ്ങൾക്ക് സൈഡ് നൽകണമെന്ന് അഭ്യർഥിച്ചു. അത് മൂലം കവലകളിൽ ട്രാഫിക് നിയമലംഘനങ്ങൾ സംഭവിച്ചാലും അത്തരം നിയമലംഘനങ്ങൾ കണക്കാക്കില്ല.
സിവിൽ ഡിഫൻസ് വാഹനങ്ങൾ വരുമ്പോൾ അഗ്നിശമന സ്ഥലത്തിന് ചുറ്റും കൂട്ടംകൂടരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശൈത്യകാലത്ത് കുട്ടികളുടെ സുരക്ഷയ്ക്കായി, ക്യാമ്പിംഗ് സൈറ്റിൽ നിന്ന് മാറി കളിക്കരുതെന്ന് കുട്ടികളെ ഓർമ്മിപ്പിക്കേണ്ടതുണ്ടെന്നും ക്യാമ്പിംഗ് ഏരിയ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ക്യാപ്റ്റൻ അൽ ഷത്ഫ് പറഞ്ഞു.