ദോഹ: ലോകകപ്പിനിടെ ഖത്തറിലേക്ക് കാണികൾ അല്ലാത്ത യാത്രക്കാരുടെ പ്രവേശനം വിലക്കുമെന്ന അഭ്യൂഹം വ്യാജമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) യുടെ ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ അറിയിച്ചു.
“പൗരന്മാരുടെയോ താമസക്കാരുടെയോ പ്രവേശനവും പുറത്തുകടക്കലും ഖത്തർ ലോകകപ്പ് 2022 നെ ബാധിക്കില്ല. അവർ യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, മറിച്ചു ലോകകപ്പിൽ പങ്കെടുക്കാൻ ആണ് ആഗ്രഹിക്കുന്നത്, പക്ഷേ യാത്രാ വിലക്ക് കിംവദന്തികൾ ശരിയല്ല.”
ടൂർണമെന്റിനിടെ രാജ്യത്തിലേക്കുള്ള പൗരന്മാരുടെയും താമസക്കാരുടെയും പ്രവേശനം നിയന്ത്രിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായി ഖത്തർ ടിവിയോട് സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു.
വാർത്തകളെ നിഷേധിച്ച അദ്ദേഹം ഇവ തീർത്തും അഭ്യൂഹങ്ങളാണെന്ന് പറഞ്ഞു.
“അടുത്ത ജൂലൈക്ക് ശേഷം യാത്ര ചെയ്യരുത്, കാരണം നിങ്ങൾക്ക് രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ല” എന്ന് ഖത്തർ നിവാസികൾക്കിടയിൽ നിരവധി അഭ്യൂഹങ്ങൾ ഈ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത് നിരവധി താമസക്കാർക്കിടയിൽ ആശങ്കകൾക്ക് തിരികൊളുത്തി. അധികാരികളുടെ ഔദ്യോഗിക വിശദീകരണം ഇല്ലാഞ്ഞതും ആശങ്കയേറ്റി.
ഫിഫ ലോകകപ്പ് ഖത്തർ 2022 ആതിഥേയത്വം വഹിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകൾ 100% ന് അടുത്തെത്തിയതായി അദ്ദേഹം വ്യക്തമാക്കി.